നോട്ട് പിന്‍വലിക്കല്‍: ആസൂത്രണവും നടപ്പാക്കലും പാളിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്

500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആലോചനയിലും നടപ്പാക്കലിലും പിഴച്ചുവെന്നും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കാണുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തി.

‘ഇന്ത്യയുടെ വിചിത്രമായ പണ പ്രശ്‌നം’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിന്റെ ആദ്യ പാരഗ്രാഫില്‍ തന്നെ, കടലാസ് കറന്‍സി ഒഴിവാക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനം ‘ദുര്‍ബലമായി ആലോചിക്കുകയും നടപ്പാക്കുകയും ചെയ്തു’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘കാഷ് ഇന്ത്യയിലെ രാജാവാണ്. ഇന്ത്യയിലെ ഇടപാടുകളില്‍ 78 ശതമാനവും കാഷിലൂടെയാണ്. നിരവധിയാളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളുമില്ല.’ എഡിറ്റോറിയല്‍ പറയുന്നു.

നികുതിവെട്ടിക്കുന്നവരെയും കള്ളപ്പണക്കാരെയും പിടികൂടുക എന്നതായിരുന്നു മോദിയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് അതുണ്ടാക്കിയതെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. ‘സത്യസന്ധരായ പൗരന്മാര്‍ക്ക് താല്‍ക്കാലിക ബുദ്ധിമുട്ടുണ്ടാകും’ എന്ന മോദിയുടെ പ്രസ്താവനയെയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും പുതിയ 500, 2000 നോട്ടുകള്‍ അവതരിപ്പിക്കുന്നതോടെ നികുതിവെട്ടിപ്പും അഴിമതിയും തുടര്‍ന്നും നടക്കുമെന്നും ടൈംസ് പറയുന്നു.

ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍

SHARE