കോവിഡ് സെന്ററില്‍ ജോലി ചെയ്യുന്ന നേഴ്‌സിന്റെ വീടിന് നേരെ കല്ലേറ്

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കോവിഡ് സെന്ററില്‍ ജോലി ചെയ്യുന്ന നേഴ്‌സിന്റെ വീടിന് നേരേ കല്ലേറ്. ഔറംഗബാദിലെ മാലി ഗല്ലിയില്‍ താമസിക്കുന്ന നഴ്‌സായ ശില്‍പ ഹിവ്‌രാലെയുടെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. കോവിഡ് സെന്ററില്‍ ജോലിചെയ്യുന്ന നേഴ്‌സും കുടുംബവും വീടൊഴിഞ്ഞ് പോകണമെന്നായിരുന്നു അക്രമികളുടെ ആവശ്യം.

കഴിഞ്ഞദിവസങ്ങളില്‍ ഔറംഗബാദില്‍ ഒട്ടേറെപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നേഴ്‌സിനും കുടുംബത്തിനും നേരേ നാട്ടുകാരില്‍ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ടത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തിയ സംഘം വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ടയറുകളില്‍നിന്ന് കാറ്റഴിച്ചുവിടുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം അര്‍ധരാത്രി ഇവര്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് ശില്‍പയുടെ ഭര്‍ത്താവിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അദ്ദേഹം വെള്ളം എടുക്കാന്‍ പോയതിന് പിന്നാലെ വാതിലുകളില്‍ ശക്തമായി ഇടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനെതുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ അക്രമിസംഘം ഇതിനിടെ വീടിന് നേരേ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ പ്രതികളായവരെ പിടികൂടിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

SHARE