വീണ്ടും ഞെട്ടിച്ച് തരൂര്‍; നെതര്‍ലന്റില്‍ നിന്നും തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ തലസ്ഥാനത്തെത്തിച്ചു

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. എന്നാലിപ്പോള്‍ യൂറോപ്പില്‍ നിന്നും അത്യാധുനിക സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ സ്വന്തം മണ്ഡലത്തിലെത്തിച്ചാണ് തരൂര്‍ വീണ്ടും രാജ്യത്തെ അമ്പരപ്പിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ബെംഗളൂരുവിലേക്ക് കണക്ഷന്‍ വിമാനം വഴിയാണ് തെര്‍മല്‍ ക്യാമറ തലസ്ഥാനത്തേക്കെത്തിയത്.

പനിപരിശോധനയ്ക്ക് ആദ്യ കൃത്രിമ ഇന്റലിജന്‍സ് പവേര്‍ഡ് ഫെയ്സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ പിന്നീട് റോഡുമാര്‍ഗം തിരുവനന്തപുരത്തേക്കെത്തിക്കുകയും ചെയ്തു. ആഗോളസൗഹൃദവും എം.പി. ഫണ്ടുമുപയോഗിച്ചാണ് തിരുവനന്തപുരം കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ വാങ്ങി നല്‍കി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകര്‍ന്നത്.

തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ പനിയുള്ളവരെ അതിവേഗം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ കൃത്രിമ ഇന്റലിജന്‍സ് ഉപകരണം. ഏഷ്യയില്‍ ഉപകരണം ലഭിക്കാത്തത് കാരണം നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് കാമറ വാങ്ങിയത്. അവിടെ നിന്നും ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു. ശേഷം ഡി.എച്.എല്‍ കാര്‍ഗോ സര്‍വീസിന്റെ സഹായത്തോടെ പാരിസ്, ലെപ്‌സിഷ്, ബ്രസല്‍സ്, ബഹ്‌റൈന്‍, ദുബായ് വഴി പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിച്ചു. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഉപകരണം തലസ്ഥാനത്തെത്തിക്കാന്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും എം.പിയുടെ ഓഫിസ് നേരിട്ടിടപെട്ട് അവ പരിഹരിച്ചരിക്കുകയായിരുന്നു. എം.പി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ കാമറകള്‍ എത്തിക്കാനും അവ നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും സ്ഥാപിക്കാനും പദ്ധതിയിടുന്നതായി ശശി തരൂര്‍ എം.പി അറിയിച്ചു.

അതേസമയം, വിവിധരാജ്യങ്ങൾ കടന്നെത്തിച്ച ഉപകരണം ശനിയാഴ്ച ഉപയോഗത്തിലുമായി. തിരുവനന്തപുരം സെൻട്രൽ െറയിൽവേ സ്റ്റേഷനിൽനിന്ന് ജാർഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീൻ ചെയ്യാനാണ് താപക്യാമറ ഉപയോഗിച്ചത്. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂർ പറഞ്ഞു.

5,60,986 രൂപയാണ് ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ചെലവ്. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഉപയോഗിക്കാം. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. അതിഥിതൊഴിലാളികൾ അവരുടെ സ്വന്തംസ്ഥലത്തേക്ക് പോകുകയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളും വരാനിരിക്കുന്നു. അതുപോലെ പ്രവാസികളും. എത്രവലിയ ജനക്കൂട്ടത്തെയും പരിശോധിക്കാൻ പുതിയ ഉപകരണംകൊണ്ട് എളുപ്പം സാധിക്കും.