ഓഹരി വിപണി: കിങ്ഫിഷര്‍ അടക്കം 18 കമ്പനികളെ ഡീ ലിസ്റ്റ് ചെയ്തു

മുംബൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം 18 കമ്പനികളെ ഡീ ലിസ്റ്റ് ചെയ്യാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തീരുമാനിച്ചു. ഇതോടെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പട്ടികയില്‍ നിന്ന് ഈ കമ്പനികള്‍ പൂര്‍ണമായും പുറത്താകും. മെയ് 30 മുതലാണ് ഇത് നിലവില്‍ വരിക. മെയ് 11 മുതല്‍ 200 കമ്പനികളെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡീലിസ്റ്റ് ചെയ്തിരുന്നു.

കിങ്ഫിഷറിനു പുറമെ പ്ലെത്തിക്കോ ഫാര്‍മസ്യൂട്ടിക്കല്‍സ്, ആഗ്രോ ഡച്ച് ഇന്‍ഡസ്ട്രീസ്, ബ്രോഡ്കാസ്റ്റ് ഇനിഷ്യേറ്റീവ്‌സ്, ക്രെസ്റ്റ് അനിമേഷന്‍ സ്റ്റുഡിയോ, കെ.ഡി.എല്‍ ബയോടെക്, കംറോക് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്ട്‌സ്, ലുമെക്‌സ് ഓട്ടോമോട്ടീവ് സിസ്റ്റം, നിസ്സാന്‍ കോപ്പര്‍, ശ്രീ ആസ്റ്റര്‍ സിലിക്കേറ്റ്‌സ്, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയാണ് ഡീ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പട്ടികയിലുള്ളത്.

കൂടാതെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബ്രാന്‍ഡ് ഹൗസ് റീട്ടേല്‍സ്, എല്‍ഡര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫസ്റ്റ് ലീസിങ് കമ്പനി ഇന്ത്യ, ഗ്ലോഡൈന്‍ ടെക്‌നോസെര്‍വ്, ഹിലിയോസ് ആന്റ് മാത്തെസണ്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, ടുലിപ് ടെലികോം, വരുണ്‍ ഇന്‍ഡസ്ട്രീസ് എന്നീ ഏഴു കമ്പനികളെയും ഡീ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആറു മാസമായി ഈ കമ്പനികളുടെ ഓഹരികളില്‍ ട്രേഡിങ് നിരോധിച്ചിരുന്നു. നേരത്തെ 331 ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നടപടി.

SHARE