‘ഈ മകളെയോര്‍ത്ത് അശോകനും പൊന്നമ്മക്കും അഭിമാനിക്കാം’ – ഹാദിയയെക്കുറിച്ച് എന്‍.എസ് മാധവന്‍

സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, സമ്മര്‍ദങ്ങളെ അതിജീവിച്ചു, സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു, മനസ്സു തുറന്ന് സംസാരിച്ചു, വ്യക്തതയോടെ നിലകൊണ്ടു. മാതാപിതാക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന വിലപ്പെട്ട വളര്‍ത്തലാണത്.’ ഹിഗ്വിറ്റ, തിരുത്ത് തുടങ്ങിയ കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടംനേടിയ എഴുത്തുകാരന്‍ കുറിച്ചു.

‘മുതിര്‍ന്നയാളുകള്‍ സമ്മര്‍ദത്തില്‍ കീഴടങ്ങുന്നത് നാം ചുറ്റും കാണുന്നതാണ്. എന്നാല്‍ ഹാദിയ അങ്ങനെ ചെയ്തില്ല. അവളെ വളര്‍ത്തിയ രീതി അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു’ മറ്റൊരു ട്വീറ്റില്‍ മാധവന്‍ വ്യക്തമാക്കി.