പൗരത്വ നിയമം: ബംഗാള്‍ ഗവര്‍ണറെ തടഞ്ഞ് വിദ്യാര്‍ഥികള്‍

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ തടഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിനു എത്തിയതായിരുന്നു ഗവര്‍ണര്‍. വാഹനം തടഞ്ഞ വിദ്യാര്‍ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. നേരത്തെയും വിദ്യാര്‍ഥികള്‍ ഗവര്‍ണറെ തടഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു. പശ്ചിമ ബഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞത്.

അതേസമയം, ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് മമത ബാനര്‍ജി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് മമതയുടെ തീരുമാനം. ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനര്‍ജി കത്തെഴുതിയത്. മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കത്തില്‍ മമത ആവശ്യപ്പെടുന്നു.

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നതോടെ രാജ്യത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ എണ്ണം വര്‍ധിക്കുമെന്നതിനാല്‍ മമതയുടെ കത്തിന് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. സെന്റ് സേവ്യര്‍ കോളേജില്‍ നടന്ന ഒരു ക്രിസ്മസ് ചടങ്ങില്‍ സംസാരിക്കവെ ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.

SHARE