പട്‌ന: ബിഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജെ.ഡി.യു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് നിതീഷിന്റെ പ്രഖ്യാപനം.
നേരത്തെ, ഒരു സാഹചര്യത്തിലും എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരും എന്‍.ആര്‍.സിക്കും പൗരത്വഭേദഗതി നിയമത്തിനും അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഈ മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിയമം യൂണിയന്‍ ലിസ്റ്റില്‍ വരുന്നതാണ് എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ കത്തി നില്‍ക്കവെ, കഴിഞ്ഞ ദിവസം ബി.ജെ.പി വര്‍ക്കിങ് പ്രസിഡണ്ട് ജെ.പി നദ്ദയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
നിലവില്‍ പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളില്‍ വരാനിരിക്കുന്ന എന്‍.ആര്‍.സിയും വിഷയമാകുന്നുണ്ട്. നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ എന്‍.ആര്‍.സി ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍.ആര്‍.സി) ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ബി.ജെ.പി ട്വിറ്ററില്‍ നിന്ന് ഡിലീറ്റ് ചെയതു. ഡിസംബര്‍ 19ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ബി.ജെ.പി ഡിലീറ്റ് ചെയ്തത്.
‘രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പാക്കുന്നത് ഞങ്ങള്‍ ഉറപ്പു വരുത്തും. ബുദ്ധരും ഹിന്ദുക്കളും സിഖുകളുമല്ലാത്ത രാജ്യത്തെ ഓരോ നുഴഞ്ഞു കയറ്റക്കാരനെയും പുറത്താക്കും’ എന്നായിരുന്നു രാവിലെ 9.48ന് അമിത് ഷായെ ടാഗ് ചെയ്ത് നാമോ ഫോര്‍ ന്യൂ ഇന്ത്യ ഹാഷ്ടാഗില്‍ ബി.ജെ.പി വ്യക്തമാക്കിയിരുന്നത്. മുസ്‌ലിംകളെ രാജ്യത്തു നിന്ന് പുറത്താക്കും എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഈ ട്വീറ്റ്.