എന്‍ഡിഎയില്‍ ഭിന്നിപ്പ്: എല്ലാ കാലവും മുസ്ലിംങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമെന്ന് എല്‍.ജെ.പി

പറ്റ്‌ന: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം കനക്കുമ്പോള്‍ എന്‍ഡിഎയിലും ഭിന്നത. മുഴുവന്‍ വായിക്കാതെ ദേശീയ പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ലെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ എല്‍.ജെ.പി(ലോക് ജനശക്തി പാര്‍ട്ടി) പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എല്‍.ജെ.പി ആവശ്യപ്പെട്ടു.

‘മുഴുവന്‍ വായിക്കാതെ എല്‍.ജെ.പി ദേശീയ പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ല. എല്ലാ വശങ്ങളെയും പരിഗണിക്കണമെന്ന് ഞങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുകയാണ്. സി.എ.എയുടെ കാര്യമാണെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’, എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ പറഞ്ഞു.

എല്‍.ജെ.പി എക്കാലവും മുസ്‌ലിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സാമൂഹ്യ നീതിക്കുവേണ്ടിയാണ് ഞങ്ങളെപ്പോഴും പോരാടുന്നത്. രാജ്യ താല്‍പര്യത്തിനെതിരായി നടപ്പാക്കുന്ന എല്ലാ ബില്ലുകളെയും തീരുമാനങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു’, അദ്ദേഹം പറഞ്ഞു. എന്നാല്‍, നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും എല്‍.ജി.പിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്.

അതേസമയം, പൗരത്വ നിയമ ഭേദഗതി നിയമത്തെത്തുടര്‍ന്ന് അസം ബി.ജെ.പിയിലും പൊട്ടിത്തെറി. നിയമം പാസാക്കിയതിനെത്തുടര്‍ന്ന് അസമിലുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിനെ കണ്ടു. അസമിന്റെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ജനങ്ങളെ അറിയിക്കണമെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പത്മ ഹസാരികയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. അസമീസ് ജനതയെ എങ്ങനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പത്മ ഹസാരിക വ്യക്തമാക്കി. പ്രധാനമന്ത്രിയെ കാണാനും സംസ്ഥാനത്തെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.

‘അസ്സമിലെ ജനങ്ങള്‍ ഭയത്തിലാണ്, ഞങ്ങളും. പ്രതിഷേധം ആരംഭിച്ച് എട്ട് ദിവസമായി. ഞങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല.’ ദിബ്രുഗഢില്‍ നിന്നുള്ള ബി.ജെ.പി നിയമസഭാംഗം പ്രശാന്ത ഫുകാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വീട് നേരത്തെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതി എന്നത് ബി.ജെ.പിയുടെ നയമാണെന്നും അതിനെതിരായി നീങ്ങാനാകില്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു. എന്നാല്‍ അസ്സമിലെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനായി മറ്റ് മാര്‍ഗങ്ങളുണ്ട്. ‘സി.എ.എ പാര്‍ട്ടിയുടെ നയമാണെന്നും അത് നിരസിക്കാനുള്ള അവകാശം എനിക്കില്ലെന്നും അറിഞ്ഞുകൊണ്ട് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഞാന്‍ പാര്‍ട്ടി വിട്ടാല്‍ നിയമം റദ്ദാക്കുമെങ്കില്‍ രാജിവെക്കാന്‍ ഞാന്‍ തയ്യാറാണ്.’ ഹസാരിക പറഞ്ഞു.

SHARE