ദേശീയ പൗരത്വ രജിസ്റ്റര്‍ ആന്ധ്രാപ്രദേശില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് ജഗന് മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്.എന്‍.ആര്.സി നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ഷെയ്ഖ് ബിപാരിയുടെ പ്രഖ്യാപനം തന്റെ അറിവോടെയായിരുന്നുവെന്നും ഒരു കാരണവശാലും സംസ്ഥാനത്ത് എന്‍.ആര്.സി നടപ്പാക്കില്ലെന്നും ജഗന് മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു.
തെലുഗു സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്‍.ആര്.സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ജഗന് മോഹന്‍ റെഡ്ഡിയുടെ പ്രസ്താവന. ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ വിള്ളല്‍ വീഴുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിലപാടെടുക്കുന്ന പത്താമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരത്തെ ഇതേനിലപാട് പ്രഖ്യാപിച്ചിരുന്നു.