പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാതെ രണ്ടു പ്രമുഖ നേതാക്കള്‍; കാരണം ഇതാണ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോള്‍ ഇതിനെതിരെ നിലപാടെടുക്കാത്ത രണ്ടു നേതാക്കളെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നു. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവും ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവുമാണ് എന്‍ആര്‍സിയിലും സിഎഎയിലും യാതൊരു പ്രതികരണവും നടത്താത്ത നേതാക്കള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ ഇരുവരും തയ്യാറാകുന്നില്ലെന്നതാണ് ഇതിനു കാരണമായി രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കെ. ചന്ദ്രശേഖര്‍ റാവു നേരത്തേ തന്നെ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരേ പോലെ അകലം പാലിക്കുകയും വിഷയാധിഷ്ഠിതമായി മോദിസര്‍ക്കാരിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. അതേസമയം ബി.ജെ.പിയുമായുള്ള തന്റെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നായിഡു എന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.ആര്‍.എസ് പാര്‍ലമെന്റില്‍ പൗരത്വ നിയമത്തെ എതിര്‍ത്തപ്പോള്‍, ടി.ഡി.പി നിയമത്തെ പിന്തുണച്ചുവെന്നത് അതിന്റെ സൂചനയാണ്. ഇരുവരുടെയും അടുത്തയാളാണ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ മഹാരാഷ്ട്രയിലെ ശിവസേനഎന്‍.സി.പികോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് ഇരുവരും പോയില്ലെന്നതും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഭൂരിഭാഗം പ്രതിപക്ഷ നേതാക്കളും ഒന്നിച്ചപ്പോള്‍, ഇരുവരുടെയും അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഫെഡറല്‍ മുന്നണിക്ക് ആദ്യമായി പിന്തുണ പ്രഖ്യാപിച്ച നേതാവ് കൂടിയായിരുന്നു ഹേമന്ത് സോറന്‍ എന്നതും കണക്കിലെടുക്കണം.

അതേസമയം, പൗരത്വ നിയമത്തിന്റെ ആദ്യഘട്ട നടപടികള്‍ കേന്ദ്രം തുടങ്ങിയതായി റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനമാക്കി ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച സൂചനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. പൗരത്വ അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴിയാക്കാനുള്ള മാര്‍ഗങ്ങളും അതിന്റെ ആദ്യപടികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലും കൂടിയാണ് നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇതുപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് കീഴില്‍ പുതിയ സംവിധാനത്തിനാണ് രൂപം നല്‍കുകയെന്നതാണ് കേന്ദ്രത്തിന്റെ നടപടി. പൗരത്വം വേണ്ടവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ, രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരത്വം നല്‍കല്‍ വിഷയം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പൗരത്വം, വിദേശിക്ക് പൗരത്വം നല്‍കല്‍ അടക്കം 97 വിഷയങ്ങള്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി മൂന്നു രാജ്യങ്ങളില്‍ നിന്നും മതത്തിന്റെ പേരില്‍ പീഡനം നേരിട്ട് 2014 ഡിസംബര്‍ 31വരെ രാജ്യത്തേക്കു കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന,പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കുന്ന നിയമമാണിത്. മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്താതെയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര നീക്കം ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നത്. ഇതിനെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു.