ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലും പ്രതിഷേധാഗ്നി; ആസാദി വിളിയുമായി ജനങ്ങള്‍; വീഡിയോ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുമ്പോള്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലും നിയമത്തിനെതിരെ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ ചേരിതിരിവിനെതിരെയും സി.എ.എ, എന്‍.ആര്‍.സി എന്നീ പൗരന്മാരെ വേര്‍തിരിക്കുന്ന സംഘ പരിവാര്‍ ഫാസിസ്റ്റു നിലപാടിനെതിരെയും ലണ്ടനില്‍ പ്രധിഷേധം നടന്നു. ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറിലുള്ള വെസ്റ്റ് മിന്‍സ്‌റ്റെറിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ഒത്തു ചേര്‍ന്നായിരുന്നു പ്രതിഷേധം. നിലവില്‍ ഇന്ത്യക്ക് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ പ്രതിഷേധം നടന്നിട്ടുണ്ട്.

ആസാദി മുദ്രവാക്യങ്ങളോടെയാണ് ജനങ്ങള്‍ അണിചേര്‍ന്നത്. ഒ.ഐ.സി.സി യും കെഎംസിസി യും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനദ്രോഹ നടപടികള്‍ തുടരുന്ന പക്ഷം കൂടുതല്‍ ബോധവല്‍ക്കരണ, പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു.

്അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയത് പോലെ തമിഴ്‌നാട് നിയമസഭയും പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ. ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസന് കത്ത് നല്‍കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം.

ചൊവ്വാഴ്ച ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ ഭേദഗതിനിയമം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോള്‍ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ പ്രസംഗത്തില്‍ പ്രമേയത്തെ എതിര്‍ത്തെങ്കിലും അത് പാസാക്കുന്നവേളയില്‍ എതിര്‍ത്തിരുന്നില്ല.

SHARE