പ്രതിഷേധം കത്തുമ്പോള്‍ ഓണ്‍ലൈന്‍ വഴി പൗരത്വ നടപടികളുടെ ആദ്യഘട്ടം കേന്ദ്രം തുടങ്ങിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോള്‍ ആദ്യഘട്ട നടപടികള്‍ കേന്ദ്രം തുടങ്ങിയതായി റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനമാക്കി ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച സൂചനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. പൗരത്വ അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴിയാക്കാനുള്ള മാര്‍ഗങ്ങളും അതിന്റെ ആദ്യപടികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലും കൂടിയാണ് നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇതുപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് കീഴില്‍ പുതിയ സംവിധാനത്തിനാണ് രൂപം നല്‍കുകയെന്നതാണ് കേന്ദ്രത്തിന്റെ നടപടി. പൗരത്വം വേണ്ടവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ, രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരത്വം നല്‍കല്‍ വിഷയം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പൗരത്വം, വിദേശിക്ക് പൗരത്വം നല്‍കല്‍ അടക്കം 97 വിഷയങ്ങള്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി മൂന്നു രാജ്യങ്ങളില്‍ നിന്നും മതത്തിന്റെ പേരില്‍ പീഡനം നേരിട്ട് 2014 ഡിസംബര്‍ 31വരെ രാജ്യത്തേക്കു കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന,പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കുന്ന നിയമമാണിത്. മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്താതെയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര നീക്കം ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നത്. ഇതിനെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു.

SHARE