പൗരത്വ ബില്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ ബില്ലി(എന്‍.ആര്‍.സി)നെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അണികളോട് അഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെയും തുറന്ന് എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ മമത, ഈ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്നും താന്‍ അതിന് നേതൃത്വം നല്‍കാമെന്നും പറഞ്ഞു. ബംഗാളിലെ മായോ റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്‍.ആര്‍.സിക്കെതിരെ ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി മാറണം. ഈ മുന്നേറ്റം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. നമ്മള്‍ എന്തായാലും പോരാടും, എല്ലാം അവസാനിപ്പിക്കാനുള്ളതാണ് ഈ പോരാട്ടം. എല്ലായ്‌പ്പോയും നമ്മള്‍ വഴികാണിച്ചുനല്‍കി. ഇനിയും അത് ചെയ്യണം. മുന്നില്‍നിന്ന് നയിക്കണം’ മായോ റോഡിലെ ഗാന്ധി സ്റ്റാച്യുവില്‍ തടിച്ചു കൂടിയ ടി.എം.സി പ്രവര്‍ത്തകരോട് മമത പറഞ്ഞു.

ബില്‍ ഒരു വിഭാഗത്തെ മാത്രം അകറ്റി നിര്‍ത്തുന്നതാണെന്നും ആ രീതിക്ക് ഞാനും തൃണമൂല്‍ കോണ്‍ഗ്രസും എതിരാണെന്നും മമത പറഞ്ഞു. ബിജെപി പൗരത്വം എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിച്ചാല്‍ രണ്ട് കൈയ്യും നീട്ടി ആ ബില്ലിനെ സ്വാഗതം ചെയ്യും. പക്ഷേ, നിങ്ങള്‍ മതത്തിന്റെയും മറ്റുള്ളതിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെങ്കില്‍ ഞങ്ങള്‍ അവസാനം വരെ അതിനെ എതിര്‍ക്കുമെന്നും മമത വ്യക്തമാക്കി. രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും മമത തുറന്നടിച്ചു പൗരത്വ ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചകളുണ്ടാക്കി സാമ്പത്തിക തകര്‍ച്ച ഉള്‍പ്പെടെയുള്ള രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു. ബിജെപി കൊണ്ടുവന്ന പൗരത്വ ബില്‍ മുസ്‌ലിം വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ ഒന്നടങ്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.