ന്യൂഡല്‍ഹി: എന്‍.പി.ആറിലെ പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കില്ലെന്ന് കേന്ദ്രം. വിവാദമായ ഈ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ സഖ്യകക്ഷികള്‍ തന്നെ ഇതുസംബന്ധിച്ച ജനങ്ങളുടെ ആശങ്ക സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നിട്ടും നിലപാടില്‍ മാറ്റമില്ലാതെ മുന്നോട്ടു പോവാനാണ് സര്‍ക്കാരിന്റെ നീക്കം.
ജന്മസ്ഥലവും ജനനത്തീയതിയും സംബന്ധിച്ച ചോദ്യങ്ങള്‍ 2010ലെ സെന്‍സസിലും ഉണ്ടായിരുന്നെന്നാണ് കേന്ദ്രം പറയുന്നത്. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയോടും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.
എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറില്‍ നിന്നടക്കം നിരവധി സംസ്ഥാനങ്ങള്‍ എന്‍.പി.ആറിലെ വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2010 എന്‍.പി.ആര് നടപടികള്‍ തന്നെ തുടരണമെന്ന് ബിഹാര്‍ നിയമസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും എന്‍.പി.ആറിലെ ചോദ്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് അറിയിച്ചിരുന്നു.