കൊറോണ വൈറസ് വാക്‌സിനേഷനെടുക്കില്ലെന്ന് ജോകോവിച്ച്; കാരണമിതാണ്


ബെല്‍ഗ്രേഡ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം തീര്‍ന്ന് കായിക മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍, നിര്‍ബന്ധിത കൊറോണ വൈറസ് വാക്‌സിനേഷനെടുക്കാന്‍ സമ്മതിക്കില്ലെന്ന് ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഇത്തരം വാക്‌സിനേഷനുകള്‍ക്ക് താന്‍ വ്യക്തിപരമായി എതിരാണെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. കളത്തിലേക്കു തിരിച്ചെത്താന്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടെന്നിസ് ടൂര്‍ണമെന്റുകളെല്ലാം ഈ വര്‍ഷം ജൂലൈ 13 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഈ വര്‍ഷം ടെന്നിസ് മത്സരങ്ങള്‍ പുനരാരംഭിക്കണമെങ്കില്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ലോക ഒന്നാം നമ്പര്‍ താരം അമേലി മൗറിസ്‌മോ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് താന്‍ വാക്‌സിനേഷന് എതിരാണെന്ന ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ജോക്കോവിച്ചിന്റെ പ്രഖ്യാപനം.

‘വ്യക്തിപരമായി എനിക്ക് വാക്‌സിനേഷനോട് താല്‍പര്യമില്ല. തുടര്‍ന്നും കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ലെന്നാണ് പ്രതീക്ഷ’ – ജോക്കോവിച്ച് പറഞ്ഞു. സെര്‍ബിയയിലെ വിവിധ കായിക താരങ്ങളുമായുള്ള ഫെയ്‌സ്ബുക് ലൈവ് ചാറ്റിലാണ് ജോക്കോവിച്ച് നിലപാട് വ്യക്തമാക്കിയത്.

‘പക്ഷേ, ഇത് (വാക്‌സിനേഷന്‍) നിര്‍ബന്ധമാക്കിയാല്‍ എന്തു ചെയ്യും? അങ്ങനെയെങ്കില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. ഈ വിഷയത്തില്‍ എനിക്ക് എന്റേതായ ചിന്തകളും നിലപാടുകളുമുണ്ട്. ഭാവിയില്‍ അത്തരം നിലപാടുകള്‍ കൈവിടേണ്ടി വരുമോയെന്നുപോലും എനിക്കറിയില്ല’ – ജോക്കോവിച്ച് പറഞ്ഞു.

‘ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം തീര്‍ന്ന് ജൂലൈയിലോ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മത്സരങ്ങള്‍ പുനരാരംഭിച്ചേക്കാം. ചിലപ്പോള്‍ അതിലും വൈകിയേക്കാം. ഇത്രകാലത്തെ ക്വാറന്റീനുശേഷം വീണ്ടും കളത്തിലിറങ്ങുമ്പോള്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കിയേക്കാം. പക്ഷേ ഇപ്പോഴും അത്തരമൊരു വാക്‌സിന്‍ ഇല്ല എന്നതും പ്രധാനമാണ്’ – ജോക്കോവിച്ച് പറഞ്ഞു.

SHARE