നവംബര്‍ എട്ട് കരിദിനം: രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച് രാജ്യത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ട നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതിനെപ്പറ്റി കൂടിയാലോചിക്കാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈക്കൊണ്ട തീരുമാനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുന്നത്. കെ.സി വേണുഗോപാല്‍ അടക്കം 14 ജനറല്‍ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നതിനൊപ്പം നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനക്കും പൗരന്മാര്‍ക്കും ഉണ്ടാക്കിയ വന്‍ നഷ്ടങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും പ്രചരണ പരിപാടികളും യോഗം വിലയിരുത്തും.

പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നവംബര്‍ 8 കള്ളപ്പണത്തിനെതിരായ ദിനമായി ആഘോഷിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.