എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ഉത്തരവ്; വിവാദമായതോടെ വിശദീകരണവുമായി താമരശേരി തഹസില്‍ദാര്‍

Representative image

കോഴിക്കോട്: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുള്ള താമരശേരി തഹസില്‍ദാറുടെ ഉത്തരവ് വിവാദത്തിലാവുന്നു.

2020 ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെ എന്‍.പി.ആറുമായി ബന്ധപ്പെട്ട് നടക്കുന്ന സെന്‍സസിനായി അധ്യാപകരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. 13.01.2020 ന് നല്‍കിയ ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താമരശേരി തഹസില്‍ദാര്‍.

എന്‍.പി.ആറുമായി ബന്ധപ്പെട്ടതല്ല ഉത്തരവെന്നും കഴിഞ്ഞ തവണ വന്ന ഉത്തരവ് മാറ്റി എഴുതവേ ക്ലര്‍ക്കിന് വന്ന ഒരു പിഴവാണിതെന്നും താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു.

2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍ 2021 ലെ സെന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ് ട്രെയ്‌നേഴ്‌സിനെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ കത്തയച്ച് തുടങ്ങിയും നേരത്തെ വിവാദത്തിലായിരുന്നു. പിന്‍വാതിലിലൂടെ സെന്‍സസ് നടപ്പാക്കാനുള്ള ശ്രമം പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

എന്‍പിആര്‍ നടപ്പാക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചശേഷം പിന്‍വാതിലിലൂടെ 2021 ലെ സെന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ് ട്രെയ്‌നേഴ്‌സിനെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചതാണ് വിവാദമായത്
കോട്ടയം തഹസില്‍ദാര്‍ ഡിസംബര്‍ 30 ന് ഈ ആവശ്യം ഉന്നയിച്ച് അയച്ച കത്താണ് പുറത്തായത്. ഇപ്പോള്‍ നടത്തുന്ന സെന്‍സസ്, ബിജെപിയുടെ അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും കത്തുകള്‍ ഉടന്‍ പിന്‍വലിച്ചു സെന്‍സസ് പരിപാടി നിര്‍ത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.