20 ലക്ഷം കോടിയില്‍ മൂന്നു ലക്ഷം കോടിയുടെ പാക്കേജ് കിട്ടി; ബാക്കി 16.4 ലക്ഷം കോടിയെവിടെ? – ചോദ്യശരവുമായി പി.ചിദംബരം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ലക്ഷക്കണക്കിന് ദരിദ്രര്‍ക്കും വിശക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും പാക്കേജില്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്കായി മൂന്നു ലക്ഷം കോടി വായ്പ അനുവദിച്ചിട്ടുണ്ട്. എവിടെയാണ് ബാക്കി വരുന്ന 16.4 ലക്ഷം കോടി? ചെറുകിട മേഖലയിലെ പാക്കേജ് അല്ലാതെ ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ സമ്പൂര്‍ണ്ണ നിരാശ മാത്രമാണ് ഉള്ളത്- അദ്ദേഹം പറഞ്ഞു.

‘ഈ സര്‍ക്കാര്‍ സ്വന്തം ഭയത്തിന്റെയും അജ്ഞതയുടെയും തടവിലാണ്. സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍ അതു ചെയ്യുന്നില്ല. സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കണം. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാനുള്ള അധികാരം നല്‍കണം. എന്നാല്‍ അതിന് അനുവദിക്കുന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ താഴേത്തട്ടിലുള്ള 13 കോടി കുടുംബങ്ങള്‍ക്കായി പണമെത്തിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അയ്യായിരം രൂപ നല്‍കിയാല്‍ പോലും ഇതിനായി ആകെ വരുന്നത് 65,0000 കോടി രൂപ മാത്രമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ 20 ലക്ഷം കോടിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. എം.എസ്.എം.ഇ മേഖലയ്ക്ക് മൂന്നു ലക്ഷം കോടി രൂപ അനുവദിച്ചതാണ് പ്രഖ്യാപനങ്ങളില്‍ സുപ്രധാനമായത്. നാലു വര്‍ഷമാണ് വായ്പാ കാലവധിയെന്നും വായ്പക്കായി ഈട് ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ടി.ഡി.എസ്, ടി.സി.എസ് നിരക്കുകള്‍ 25 ശതമാനം കുറച്ചാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. അമ്പതിനായിരം കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. ബാങ്ക് ഇതര സ്ഥാപനങ്ങളുടെ ധനലഭ്യത ഉറപ്പാക്കാന്‍ മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

SHARE