നോട്ട് നിരോധനം കിരാത നടപടി; രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്‌

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ ന്യായവാദങ്ങളെ തള്ളി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനത്തെ കിരാത നടപടിയെന്ന് വിശേഷിപ്പിച്ച അരവിന്ദ് സുബ്രഹ്മണ്യന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍ ഇത് കാരണമായെന്നും ചൂണ്ടിക്കാട്ടി. നോട്ട് നിരോധിച്ച 2016 നവംബര്‍ എട്ടിന് അരവിന്ദ് സുബ്രഹ്മണ്യന്‍ ആയിരുന്നു സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.

നോട്ട് നിരോധനം രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയെ കാര്യമായി ബാധിച്ചതായി അരവിന്ദ് സുബ്രഹ്മണ്യന്‍ കുറ്റപ്പെടുത്തി. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സാമ്പത്തിക തളര്‍ച്ച വേഗത്തിലാക്കി. ഇതിന് മുമ്പും രാജ്യത്ത് സാമ്പത്തിക തളര്‍ച്ച പ്രകടമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തോടെ തളര്‍ച്ച വേഗത്തിലായി.

നോട്ട് നിരോധനത്തിന് തൊട്ടുമുമ്പുള്ള ആറ് പാദങ്ങളില്‍ വളര്‍ച്ച ശരാശരി എട്ട് ശതമാനമായിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ഏഴ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി ഇടിഞ്ഞു. നോട്ട് നിരോധനം വളര്‍ച്ചയെ ബാധിച്ചുവെന്ന വാദത്തെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി.ഡി.പി വളര്‍ച്ചയില്‍ ഇത് എത്രമാത്രം പ്രതിഫലിച്ചു എന്ന ചോദ്യം മാത്രമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE