നോട്ടുനിരോധനം; മണ്ടത്തരത്തിന് ഇന്ന് മൂന്നാണ്ട്

ഉമ്മര്‍ വിളയില്‍

നമ്മുടെ സാമ്പത്തിക സംവിധാനത്തിന്റെ നട്ടെല്ലൊടിച്ച അസാധുവാക്കലിന് ഇന്നു മൂന്നാണ്ട്. 2016 നവംബര്‍ 8. ഇന്ത്യ മറക്കില്ല, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് വെറും കടലാസുവില കല്‍പിച്ച ആ ദിനം. വിപണിയില്‍ ഒഴുകിപ്പായുന്ന കള്ളപ്പണത്തിന് അറുതി വരുത്തുകയായിരുന്നു നോട്ട് അസാധുവാക്കലിന്റെ പരമപ്രധാനമായ ലക്ഷ്യം.

അഞ്ചുലക്ഷം കോടി രൂപ ഇന്ത്യയിലാകെ കള്ളപ്പണമായി ഓടിക്കൊണ്ടിരുന്നുവെന്നായിരുന്നു ഭരണകൂടം തൊടുത്തുവിട്ട ന്യായം. അത് ഇല്ലാതാക്കാന്‍ വേണ്ടി നിരോധിച്ച തുകയാവട്ടെ, പതിനഞ്ച് ലക്ഷത്തി നാല്‍പത്തിനാലയിരം കോടി കറന്‍സി. അപ്പോള്‍ ഏതാണ്ട് ഈ തുകയുടെ മുപ്പത് ശതമാനത്തോളം വരും ഇന്ത്യയില്‍ ഉണ്ടെന്ന് ബി.ജെ.പി സര്‍ക്കാര്‍ പറഞ്ഞ കള്ളപ്പണം. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ വേണ്ടിയായിരുന്നു നാം അന്നാ കണ്ട ത്യാഗങ്ങളൊക്കെ സഹിച്ചിരുന്നതെങ്കില്‍ പോട്ടെ എന്നു വെക്കാം. പക്ഷേ സംഭവിച്ചതെന്താണ്? ഇറക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചുവന്നെന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞത്. കള്ളപ്പണം എവിടെപ്പോയി? ആ ചോദ്യത്തിന്റെ കൂടി മൂന്നാം വാര്‍ഷികം ആണിന്ന്.

കള്ളനോട്ടു തടയലായിരുന്നു വേറെ ലക്ഷ്യം. ഇൗ കണ്ട നോട്ടുകളൊക്കെ തിരിച്ചെത്തിയ സ്ഥിതിക്ക് അതും പാളിപ്പോയി. കള്ളപ്പണവും കള്ളനോട്ടും ഒന്നും ഇന്ത്യയില്‍ ഇല്ല എന്നാര്‍ക്കും അഭിപ്രായമില്ല. പക്ഷേ, അതൊക്കെ കണ്ടുപിടിക്കാന്‍ വേണ്ടി ജനങ്ങളെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ച് നടത്തിയ തന്ത്രം കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല എന്നതിലാണ് പ്രതിഷേധം. എത്തിയ നോട്ടുകെട്ടുകളില്‍ ഇനി ഗവണ്‍മെന്റിന് പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം കള്ളനോട്ടും ഉള്‍പ്പെട്ടിട്ടുണ്ടാകുമോ? നോട്ടു മാറി വന്നതിനു ശേഷമുള്ള ഒരു കൊല്ലം കൊണ്ടു മാത്രം 20 കോടിയിലധികമുള്ള രണ്ടായിരം രൂപാ വ്യാജ നോട്ടുകളാണ് ഇന്ത്യയില്‍ പിടികൂടിയത്. 500 രൂപയുടെ 21,865 കള്ളനോട്ടുകളും പിടിച്ചെടുത്തു.2017 ഓഗസ്റ്റില്‍ പുറത്തിറക്കിയ 200 രൂപാ നോട്ടിന്റെ 12,728 കള്ളനോട്ടുകളും കണ്ടെത്തി. അസാധുവാക്കല്‍ വന്‍ പ്രഹസനമായിരുന്നു എന്നു പറയാന്‍ ഇതിലപ്പുറത്തെ വേറെന്തു തെളിവു വേണം. ചുരുക്കം പറഞ്ഞാല്‍ കള്ളനോട്ട് ഇല്ലാതാക്കാനും നോട്ട് അസാധുവാക്കല്‍ കൊണ്ട് പറ്റിയില്ല.

ഡിജിറ്റല്‍ ഇന്ത്യ, ക്യാഷ്‌ലെസ്സ് എക്കണോമി എന്നൊക്കെയായിരുന്നു മറ്റൊരു പെരുംപറച്ചില്‍. ഇടപാടുകളൊക്കെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറും എന്ന സങ്കല്‍പം കൂടി നോട്ടുനിരോധനത്തിന്റെ കാരണമായി കൂട്ടിക്കെട്ടി. പക്ഷേ, പുതിയ ഡാറ്റകള്‍ പ്രകാരം പറയുന്നത്, നാം നിരോധനത്തിന്റെ മുമ്പത്തേതിനേക്കാള്‍ കൂടുതലായി ക്യാഷ് ഇപ്പോള്‍ കൈയില്‍ വെക്കാന്‍ തുടങ്ങിയെന്നാണ്.

തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൈയില്‍ കൈയഴിഞ്ഞ കള്ളവും വെള്ളയുമായ പണമുണ്ടെന്ന കാരണം കൂടി പറഞ്ഞിരുന്നു. നോട്ടു നിരോധിച്ചിട്ടും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയില്‍ കുറവ് വന്നതായി ബി.ജെ.പിയല്ലാതെ ആരും പറഞ്ഞുകേട്ടില്ല.

ഇതും ഇതിനപ്പുറത്തുള്ള കുറേ കാരണങ്ങളും പറഞ്ഞ് നടത്തിയ നിരോധനം കൊണ്ട് 150ല്‍ പരം ജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. വിയര്‍പ്പു ചിന്തി കിട്ടിയ സമ്പാദ്യം ഒരു നാള്‍ വെറുമൊരു കടലാസുകഷ്ണമായി മാറിയപ്പോള്‍, അതു മാറിക്കിട്ടാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് ജീവന്‍ പോയ നിരവധി പേര്‍. ആശുപത്രിയില്‍ ചികിത്സിക്കാന്‍ പണമില്ലാതെ വലഞ്ഞുമരിച്ച രോഗികള്‍, 20 ലക്ഷത്തോളം പേര്‍ക്ക നഷ്ടപ്പെട്ട ജോലികള്‍. ഇന്ത്യയുടെ ജി.ഡി.പി 2.2 ശതമാനം താഴെപ്പോയ സന്ദര്‍ഭം. സ്വതന്ത്ര ഇന്ത്യ അത്ര കണ്ട് അസ്വസ്ഥമായ വേറെ സന്ദര്‍ഭമില്ല.

2019ലെ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി, മന്‍മോഹന്‍ സിങ്, നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍, ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അങ്ങനെ സമകാലിക ഇന്ത്യ സംഭാവന ചെയ്ത ഒരു സാമ്പത്തിക വിദഗ്ധനും നോട്ട് അസാധുവാക്കിയ തീരുമാനത്തെ പ്രകീര്‍ത്തിച്ചു കണ്ടില്ല, എന്നുമാത്രമല്ല, അവരെല്ലാം തന്നെ ചരിത്രപരമായ ആ മണ്ടത്തരത്തെ വിമര്‍ശിക്കുകയും ചെയ്തു.

SHARE