മുസ്‌ലിം രോഗികള്‍ക്ക് ചികിത്സ കൊടുക്കരുത്; ഡോക്ടര്‍മാരുടെ വാട്‌സാപ്പ് കൂട്ടായ്മയില്‍ ആഹ്വാനം അന്വേഷണം ആരംഭിച്ചു


മുസ്‌ലിംകളായ രോഗികളെ പരിശോധിക്കില്ലെന്ന ഡോക്ടര്‍മാരുടെ വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ആശുപത്രി ഡോക്ടര്‍മാരുടെ വാട്‌സപ്പ് കൂട്ടായ്മയിലെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ദൃശ്യങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

‘നാളെ മുതല്‍ മുസ്‌ലിം രോഗികളുടെ എക്‌സ് റേ ഞാന്‍ എടുക്കില്ല, ഇതെന്റെ പ്രതിജ്ഞയാണ്’ , ‘നമുക്കെല്ലാവര്‍ക്കും മുസ്‌ലിം രോഗികളെ ചികിത്സിക്കാതിരിക്കാം’, ‘ഹിന്ദുക്കള്‍ക്ക് മാത്രം കോവിഡ് പോസിറ്റീവും മുസ്‌ലിം ഡോക്ടര്‍മാരുമാണ് പരിശോധിച്ചതെങ്കില്‍ മുസ്‌ലിം ഡോക്ടര്‍ക്ക് പ്രശ്‌നമുണ്ട്. നമുക്ക് മുസ്‌ലികളെ ചികിത്സിക്കാതിരിക്കാം’; എന്നിങ്ങനെയുള്ള കടുത്ത മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുസ്‌ലിം പരിഷദ് സാന്‍സ്ഥന്‍ ജില്ലാ പ്രസിഡണ്ട് മഖ്ബുല്‍ ഖാനാണ് പൊലീസിന് പരാതി സമര്‍പ്പിച്ചത്.

രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന ജോലിക്കാരുടെ സന്ദേശങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ലോക്ക്ഡൗണ്‍ സമയത്താണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമായതായി സര്‍ദ്ദാര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രമേശ് പന്നു അറിയിച്ചു.

പരാതി വര്‍ഗീയ സ്വഭാവമുള്ളതാണെന്നും വിവേചനപരമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇത് വരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിഷയത്തില്‍ പ്രാദേശിക മുസ്‌ലിം സമുദായത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

SHARE