യു.എ ഖാദറിന് മാതൃഭൂമി പുരസ്‌കാരം സമര്‍പ്പിച്ചു; സി.എച്ചിനേയും ‘ചന്ദ്രിക’യേയും മറക്കാന്‍ സാധിക്കില്ലെന്ന് എം.പി വിരേന്ദ്രകുമാര്‍

Chicku Irshad

കോഴിക്കോട്: തൃക്കോട്ടൂരിന്റെ പെരുമയിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌കാര ജേതാവായ പ്രശസ്ത സാഹിത്യകാരനും ബര്‍മയുടെ പുത്രനുമായ യു.എ ഖാദറിന് 2019 ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചു.

കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. യുഎ ഖാദര്‍ ബര്‍മയില്‍ ജനിച്ച് ഇന്ത്യയില്‍ വന്ന് ഏതു സംസ്‌കാരമാണ് സ്വാധീനിച്ചതെന്ന പ്രതിസന്ധിയില്‍ ജീവിച്ച എഴുത്തുകാരനാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. പെരുങ്ങോട്ടൂര്‍ സംസ്‌കാരം ഉള്‍ക്കൊണ്ട യുഎ ഖാദറിനോട് ധാരാളം എഴുത്തുകരോട് കടപ്പാടുണ്ട്. അദ്ദേഹത്തിനും നിരവധിപേരോട് കടപ്പാടുണ്ടെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയയെ അദ്ദേഹത്തിന് മറക്കാന്‍ സാധിക്കില്ല. ചന്ദ്രിക യുടെ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് യു.എ ഖാദര്‍ ആദ്യം എഴുതിയതെന്നും പിന്നീടാണ് മാതൃഭൂമിയില്‍ എഴുതിയതെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു. കോഴിക്കോടിനെ സംബന്ധിച്ച് അതിന്റെ സ്ഥിരമായ ഒര്‍മയുടെ ഭാഗമാണ് യുഎ ഖാദറെന്നും പുരസ്‌കാര സംഖ്യ ഇതുവരെ രണ്ടു ലക്ഷം രൂപയായിരുന്നെന്നും ഇപ്രാവിശ്യം മൂന്നുലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിന് ആദ്യം ആര്‍ഹനായ ജേതാവാണ് യു.എ ഖാദറെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ എഴുത്തുകാരന്‍ ടി.പത്മനാഭനാണ് സമര്‍പ്പിച്ചത്.

താന്‍ കണ്ട, ജീവിച്ച പച്ചയായ ചുറ്റുപാടിനെ അതേപോലെ പകര്‍ത്തിയെഴുതിയ എഴുത്തുകാരനായിരുന്നു യു.എ ഖാദറനെന്ന് പുരസ്‌കാരം സമര്‍പ്പിച്ച് ടി.പത്മനാഭന്‍ പറഞ്ഞു. ദേശപുരാവൃത്തങ്ങളെ എഴുത്തിലേക്ക് സന്നിവേശിപ്പിച്ച് മലയാളിയുടെ വായനാ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ എഴുത്തുകാരനായിരുന്നു യു.എ ഖാദര്‍. തനത് എന്ന് പറയുന്ന ഭാഷയും കഥകളും ആദ്യമായി കേള്‍ക്കുന്നത് അദ്ദേഹത്തില്‍ നിന്നാണെന്നും ടി.പത്മനാഭന്‍ പറഞ്ഞു.

തനിക്ക് ഒരു സമ്മാനം ഉമ്മയുടെ കൈയില്‍ നിന്നും കിട്ടിയപോലെ തോന്നുന്നത് മാതൃഭൂമിയുടെ പുരസ്‌കാരത്തിന് അര്‍ഹനായപ്പോഴാണെന്ന് മറുപടി പ്രസംഗത്തില്‍ യു.എ ഖാദര്‍ പറഞ്ഞു. സാഹിത്യ ജീവിതത്തിന്റെ ആകെ തുകയായി ഈ പുരസ്‌കാരത്തെ കണക്കാക്കുന്നുവെന്നും അമ്മയുടെ സ്‌നേഹവായ്പ് തനിക്കിപ്പോള്‍ ശരിയായി അനുഭവിക്കാന്‍ കഴിയുന്നുവെന്നും യു.എ ഖാദര്‍ പറഞ്ഞു.

ആധുനികതയില്‍ നിന്നും മാറി നടന്ന് സ്വന്തം വ്യക്തിത്വത്തേയും ജീവിതത്തേയും എഴുത്തിലേക്ക് കൊണ്ടുവന്ന ആളായിരുന്നു യു.എ ഖാദറെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നോവലിസ്റ്റ് എം. മുകുന്ദന്‍ പറഞ്ഞു. എഴുത്ത് ജീവിതമാക്കിയ വ്യക്തി, മതേതരത്വം എഴുത്തില്‍ എന്നും കാത്ത് സൂക്ഷിച്ച വ്യക്തിത്വം. ന്യൂനപക്ഷത്തില്‍പ്പെട്ട ഒരു വ്യക്തി തന്റെ നാട്ടിലെ തെയ്യങ്ങളെ കുറിച്ചും ദൈവീക സങ്കല്‍പ്പങ്ങളെ കുറിച്ചും മനോഹരമായി എഴുതിയത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. പുരസ്‌കാര തുക എന്നതിനപ്പുറം പുരസ്‌കാരം നല്‍കപ്പെടുന്നത് കൃതികള്‍ വീണ്ടും വായിക്കപ്പെടാനുള്ള അവസരമാണ് ഉണ്ടാക്കുന്നതെന്നും എം.മുകുന്ദന്‍ പറഞ്ഞു.

ആധുനികതയെ പേര് പറഞ്ഞ് തിരസ്‌കരിച്ച ആളാണ് യു.എ ഖാദറെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരി ആര്‍. രാജശ്രീ പറഞ്ഞു.

മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മാതൃഭൂമി ഡയറക്ടര്‍ എം.ജെ വിജയപത്മന്‍ യു.എ ഖാദറെ പൊന്നാട അണിയിച്ചു. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നന്ദി പറഞ്ഞു