‘ഞാന്‍ ബി.ജെ.പിയോട് പട പൊരുതി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചവന്‍’: സച്ചിന്‍ പൈലറ്റ്- ബി.ജെ.പിയുടെ മോഹം പൊലിയുന്നു

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തരിച്ചടി. ബി.ജെ.പിയില്‍ ചേരാനില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെയുള്ള വിമത നീക്കത്തിനു പിന്നാലെ ഇന്നലെയാണ് സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ നിന്നും കോണ്‍ഗ്രസ് നീക്കിയത്.

‘ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നില്ല. കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കാനും കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരാനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്’ – എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. താന്‍ ബി.ജെ.പയില്‍ ചേരുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യൂഹം പരത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ, രാജസ്ഥാനിലെ മുതിര്‍ന്ന നേതാവും ദേശീയ ഉപാദ്ധ്യക്ഷനുമായ ഓം പ്രകാശ് മാഥൂര്‍ സച്ചിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. മദ്ധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടിയിലെത്തിച്ച പോലെ സച്ചിനെയും വരുതിയിലാക്കാം എന്നായിരുന്നു ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി ഇന്ന് ജയ്പൂരില്‍ യോഗം ചേരുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മാഥൂറും യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ, സച്ചിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കും നിയമസഭാ സ്പീക്കര്‍ സി.പി ജോഷി നോട്ടീസ് അയച്ചു. വിമത നീക്കം നടത്തുന്നവരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ജൂലൈ 17നകം മറുപടി നല്‍കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അയോഗ്യത ചൂണ്ടിക്കാട്ടി വിമത പാളയത്തിലുള്ള എം.എല്‍.എമാരെ തിരിച്ചു കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇവരെ അയോഗ്യരാക്കിയാല്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറിന് ഭീഷണിയുണ്ടാകില്ല. സഭയിലെ അംഗബലം കുറയുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സംഖ്യയും കുറയും.

അയോഗ്യതാ നീക്കം കോടതിയിലേക്ക് നീങ്ങിയാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഗെഹ്‌ലോട്ട്, എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ വിഷയം പാര്‍ട്ടി നേതാവും സുപ്രിം കോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയുമായി ചര്‍ച്ച നടത്തി.

SHARE