ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടന്ന ‘എന്റെ പേരിലല്ല’ (Not In My Name) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഡല്‍ഹി ജന്തര്‍ മന്തര്‍, മുംബൈ കാര്‍ട്ടര്‍ റോഡ്, കൊല്‍ക്കത്തയിലെ ദഖിനാപന്‍ പരിസരം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ കലാ-രാഷ്ട്രീയ-സാമൂഹ്യ-പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടന്ന പ്രക്ഷോഭമായിട്ടും മുന്‍നിര ചാനലുകളും മാധ്യമങ്ങളുമെല്ലാം ഇതിനെ അവഗണിക്കുകയാണുണ്ടായത്. NDTV പോലുള്ള ചുരുക്കം ചില മാധ്യമങ്ങളേ ഈ പ്രക്ഷോഭത്തിന് അര്‍ഹിച്ച പരിഗണന നല്കിയുള്ളൂ.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രക്ഷോഭത്തില്‍ പൊതുപ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകളാണ് സംബന്ധിച്ചത്. Not in my name, Stop Cow Terrorism തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തിയും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിനെ ശബ്ദമുഖരിതമാക്കി.
#NotInMyName : Youngsters in Chandigarh brave the rains, say ‘if not now, then when?’ @HTPunjab @htTweets pic.twitter.com/dGciYBs5zR
— Aneesha Bedi (@AneeshaBedi) June 28, 2017


കനത്ത മഴയെ അവഗണിച്ചാണ് ചണ്ഡിഗഡിലും ജയ്പൂരിലും പ്രതിഷേധക്കാര്‍ എത്തിയത്. ചലച്ചിത്ര രംഗത്തെ സെലിബ്രിറ്റികളും പൊതുപ്രവര്‍ത്തകരുമടക്കമുള്ളവരുടെ സാന്നിധ്യം മുംബൈയിലെ പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കി.

ഹൈദരാബാദിലെ പ്രതിഷേധം വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ലണ്ടന്‍, കറാച്ചി തുടങ്ങി രാജ്യത്തിന്റെ പുറത്തും പ്രക്ഷോഭം അരങ്ങേറി.
Related: ഈ ക്രൂരതകള്‍ എന്റെ പേരിലല്ല; ബീഫ് കൊലപാതകങ്ങള്‍ക്കെതിരെ #NotInMyName സോഷ്യല്‍ മീഡിയയില്‍ തരംഗം