കോവിഡ് മാനുഷിക ദുരന്തമാകാന്‍ ഇടവരുത്തരുത്; ഫലസ്തീന് കരുതല്‍ വേണം- സഹായം അഭ്യര്‍ത്ഥിച്ച് നോര്‍വേ

ജറൂസലേം: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫലസ്തീന് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ രാഷ്ട്രമായ നോര്‍വേ. നോര്‍വേ വിദേശകാര്യമന്ത്രി ഇനെ എറിക്‌സണ്‍ സ്രിഡെയാണ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

‘കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇതൊരു വലിയ മാനുഷിക പ്രതിസന്ധിയോ ആരോഗ്യദുരന്തമോ ആകരുത്, പ്രത്യേകിച്ച് ഗാസയിലും വെസ്റ്റ് ബാങ്കിലും’ – സ്രിഡെ അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ലോകബാങ്ക്, യു.എന്‍, സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകള്‍ എന്നിവരോടെല്ലാം സഹായം തേടുമെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിയെ നേരിടാന്‍ 120 ദശലക്ഷം യു.എസ് ഡോളര്‍ ചെലവു വരും എന്നാണ് ഫലസ്തീന്‍ അതോറിറ്റിയുടെ കണക്ക്.

‘കോവിഡ് പ്രതിസന്ധി മൂലം വരുമാനത്തില്‍ വലിയ ഇടിവാണ് ഫലസ്തീന്‍ അതോറിറ്റിക്ക് ഉണ്ടായിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇത് നാടകീയമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഗാസ മുനമ്പിലേക്കും ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്കും കോവിഡ് പടരുമോ എന്ന ആശങ്ക എനിക്കുണ്ട്. അന്താരാഷ്ട്ര സമൂഹം അവര്‍ക്ക് പിന്തുണ നല്‍കണം’ – അവര്‍ ആവശ്യപ്പെട്ടു.

ഇനെ എറിക്‌സണ്‍ സ്രിഡെ

ഫലസ്തീനികള്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര സംഭാവന ദാതാക്കളുടെ അഡ്‌ഹോക്ക് ലൈസന്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത് നോര്‍വേയാണ്. നേരത്തെ, ഇസ്രയേലില്‍ നിന്നുള്ള ചരക്കുകളും സേവനങ്ങളും നോര്‍വേ തലസ്ഥാനമായ ഓസ്‌ലോ നിരോധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലോകബാങ്ക് ഫലസ്തീനായി അഞ്ചു മില്യണ്‍ യു.എസ് ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരുന്നത്.

ഫലസ്തീനില്‍ ഇതുവരെ 263 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിക്ക കേസുകളും വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമാണ്. 44 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ മരിച്ചു.