യു.എസിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയയുടെ സൈനിക പ്രകടനം; യുദ്ധ സമാന അന്തരീക്ഷം

പോങ്‌യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്‍കി തലസ്ഥാന നഗരമായ പോങ്‌യാങില്‍ ഉത്തരകൊറിയയുടെ സൈനിക പ്രകടനം. യു.എസിനു നേരെ ഉത്തരകൊറിയ ആണവായുധ നീക്കത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് തലസ്ഥാനനഗരിയില്‍ സൈനിക റാലി സംഘടിപ്പിച്ചത്. രാഷ്ട്രപിതാവായ കിം ഇല്‍ സുങിന്റെ ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സൈനിക പ്രകടനം.

നേരത്തെ പോങ്‌യാങില്‍ നിന്ന് ആറു ലക്ഷത്തോളം കുടുംബങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക പ്രകടനം നടന്നത്. യുദ്ധ സാധ്യത തള്ളി കളയാനാവില്ലെന്നാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. ആയിരക്കണക്കിന് സൈനികര്‍ അണി നിരന്ന പരേഡ് എതിര്‍ ചേരിയിലുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

പുതിയ ഭൂഖണ്ഡാന്തര ദീര്‍ഘദൂര മിസൈല്‍ ഉള്‍പ്പെടെ ഉത്തരകൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്ന ആയുധ പ്രദര്‍ശനങ്ങളും നടന്നു. ഇതുവരെ കാണാത്ത രീതിയിലുള്ള മിസൈലുകളും അവതരിപ്പിച്ചതായാണ് വിവരം. സമുദ്രത്തില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു.

യു.എസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടില്‍ ഉത്തരകൊറിയ ഉറച്ചു നിന്നതോടെ യുദ്ധം പൊട്ടിപുറപ്പട്ടേക്കുമെന്നാണ് ചൈനീസ് വൃത്തങ്ങള്‍ പറയുന്നത്. ഏതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE