സിറിയക്ക് ഉത്തരകൊറിയ രാസായുധ സാമഗ്രികള്‍ നല്‍കുന്നു: യു.എന്‍

ന്യൂയോര്‍ക്ക്: രാസായുധങ്ങള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍ സിറിയക്ക് എത്തിച്ചുകൊടുക്കുന്നത് ഉത്തരകൊറിയയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2012നും 2017നുമിടക്ക് ഉത്തരകൊറിയയില്‍നിന്ന് സിറിയയിലേക്ക് നാല്‍പതോളം കപ്പലുകള്‍ രാസായുധ സാമഗ്രികളുമായി എത്തിയിട്ടുണ്ട്. സിറിയന്‍ രാസായുധ നിര്‍മാണ കേന്ദ്രങ്ങളില്‍ ഉത്തരകൊറിയയുടെ മിസൈല്‍ വിദഗ്ധരെ കണ്ടതായും ബി.ബി.സി പുറത്തുവിട്ട രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എന്‍ ഉപരോധ പ്രമേയങ്ങള്‍ ഉത്തരകൊറിയ ലംഘിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. സിറിയയിലേക്ക് അനധികൃതമായി സാധനങ്ങള്‍ കടത്തിയതിന് വ്യക്തമായ തെളിവുണ്ട്. ചില വന്‍കിട കമ്പനികള്‍ വഴിയാണ് സിറിയ ഉത്തരകൊറിയക്ക് പണം കൈമാറിയിരുന്നത്. സയന്റിഫിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററാണ് സിറിയന്‍ രാസായുധ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. സിറിയയില്‍ കണ്ട ഉത്തരകൊറിയക്കാര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ സ്‌പോര്‍ട്‌സ് കോച്ചുമാരും കായിക താരങ്ങളുമാണെന്നായിരുന്നു സിറിയന്‍ ഭരണകൂടം യു.എന്‍ സംഘത്തിന് നല്‍കിയ മറുപടി. സിറിയയിലേക്കുള്ള അഞ്ച് കപ്പലുകള്‍ ഒരു ചൈനീസ് കമ്പനി വഴിയാണ് ഉത്തരകൊറിയ അയച്ചത്.

രാസായുധ നിര്‍മാണത്തിനുള്ള ആസിഡ് റെസിസ്റ്റന്റ് ടൈലുകളായിരുന്നു അതിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെമിക്കല്‍ ഫാക്ടറിയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ യു.എന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. യു.എന്‍ പ്രമേയം ലംഘിച്ച് കമ്പനി ഏതെങ്കിലും ഉത്തരകൊറിയന്‍ സ്ഥാപനങ്ങളുമായി പ്രവര്‍ത്തിച്ചതിന് തെളിവില്ലായിരുന്നു യു.എന്‍ സംഘത്തിന്റെ കണ്ടെത്തലിന് ചൈന മറുപടി നല്‍കിയത്. ആണവായുധ, മിസൈല്‍ പദ്ധതികളുടെ പേരില്‍ ഉത്തരകൊറിയ കടുത്ത യു.എന്‍ ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്.

SHARE