കോവിഡ് 19 രോഗികളെ കിം ജോങ് ഉന്‍ വെടിവെച്ചോ?; നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നതെന്ത്

കൊറോണഭീതിക്കിടെ അജ്ഞാത മിസൈല്‍ വിക്ഷേപണവുമായി ഉത്തര കൊറിയ

മാസ്‌ക് ധരിച്ച സൈനികര്‍ക്ക് മുന്നില്‍ മുഖം മറക്കാതിരിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രം സിഎന്‍എ പുറത്തുവിട്ടു

കൊറോണ വൈറസ് (കോവിഡ് 19) ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിൻ്റെ നിർദേശ പ്രകാരമാണ് നടപടിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാല്‍ ഉത്തരകൊറിയ കൊല്ലുന്നതിനെക്കുറിച്ച് വാര്‍ത്ത പ്രചരിക്കുന്നതിനെ നിഷേധിച്ചും പല വാദങ്ങളുണ്ട്. ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുകയോ അവിടുന്നു പുറത്തുകടക്കുകയോ പ്രയാസമാണെന്നിരിക്കെ ഇത്തരത്തിലൊരു വാര്‍ത്ത വ്യാജമാണെന്നാണ് വാദം. ഉത്തര കൊറിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിലവില്‍ ആര്‍ക്കും ശരിക്കും അറിയില്ലെന്നതാണ് വാസ്തവം.

അതേസമയം, ഉത്തര കൊറിയ തിങ്കളാഴ്ച കിഴക്കന്‍ കടലിലേക്ക് രണ്ട് അജ്ഞാത വിക്ഷേപണം നടത്തിയതായി ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിക്ഷേപണങ്ങള്‍ നടത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കൊറോണബാധയേറ്റ് ജനങ്ങൾ മരിക്കുമ്പോഴും മിസൈൽ വിക്ഷേപിച്ച് ഭയം സൃഷ്ടിക്കാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു.

കൊറോണ വിഷയത്തില്‍ ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ സൈനിക അഭ്യാസങ്ങള്‍ നിരീക്ഷിക്കുകയും യോഗം വിളിക്കുകയും ചെയ്തായും റിപ്പോര്‍ട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏത് തരത്തിലുള്ള പ്രൊജക്റ്റിലുകളാണ് വിക്ഷേപിച്ചതെന്നും അവ എത്ര ദൂരം സഞ്ചരിച്ചുവെന്നും വ്യക്തമായില്ല.

ആഗോള തലത്തിലും അയല്‍രാജ്യങ്ങളിലും കൊറോണ വൈറസ് പടരുന്നതിനിടയില്‍ രാജ്യത്തുണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധിക്കെതിരെ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായാണ് കിം വെള്ളിയാഴ്ച പാര്‍ട്ടി മീറ്റിങ് നടത്തിയതായാണ് വിവരം. രാജ്യത്ത് പകര്‍ച്ചവ്യാധി വിരുദ്ധ സംവിധാനത്തില്‍ പ്രത്യേക കേസുകളൊന്നും അനുവദിക്കരുതെന്ന് നിര്‍ദ്ദേശവും സൈന്യത്തിന് കിം നല്‍കിയതായാണ് വിവരം.

കൊറോണ വൈറസ് ഇതുവരെ ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംശയത്തിലുള്ള നിരവധി ആളുകളെ പ്രത്യേക തടവറയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതികൂലമായ കൊറോണ വൈറസ് ബാധയില്‍ ഉത്തരകൊറിയ കഷ്ടപ്പെടുന്നതായി ചൈനയുടെ യുഎന്‍ അംബാസഡര്‍ തിങ്കളാഴ്ച പറഞ്ഞു. രാജ്യത്തിനെതിരായ ഉപരോധം നീക്കുന്നതിന് അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ തയ്യാറാവണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര കൊറിയയുടെ അയല്‍രാജ്യമായ ദക്ഷിണ കൊറിയയാണ് ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യം. ദക്ഷിണ കൊറിയയില്‍ 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്. ചൈനയുടെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ചൈനയുടെ അയൽരാജ്യങ്ങളിലേക്കെല്ലാം അതിവേഗം പടർന്നു. ഉത്തര കൊറിയ ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാൽ ചൈനയോട് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഉത്തര കൊറിയയിൽ ഇതുവരെ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് സാധിക്കാത്ത എന്ത് മഹാത്ഭുതമാണ് സാമ്പത്തിക പ്രയാസമുള്ള രാജ്യങ്ങളിലൊന്നായി എണ്ണപ്പെടുന്ന ഉത്തര കൊറിയ കാണിച്ചതെന്നായിരുന്നു ലോകരാജ്യങ്ങളിൽ നിന്നുയരുന്ന ചോദ്യം.

അതേസമയം ഇറ്റലിയിലും അമേരിക്കയില്‍ തുടര്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ 52 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കോവിഡ്19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് ഇന്നലെ അമേരിക്കയില്‍ മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 75 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലും കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.