മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈല്‍ പറത്തി

സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്കു പിന്നാലെ ഇന്നു രാവിലെ 6.30നാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പറത്തിയത്.
പ്യോങ്‌യാങിലെ സുനാന്‍ വ്യോമത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈല്‍ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോക്ക് മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്‍ പതിച്ചു. 17 മിനിറ്റിനുള്ളില്‍ മിസൈല്‍ 1200 മൈല്‍ സഞ്ചരിച്ചതായാണ് വിവരം. മിസൈല്‍ പറന്നുയര്‍ന്ന ഉടന്‍ ജപ്പാനില്‍ ഉച്ചഭാഷിണിയിലൂടെയും എസ്.എം.എസ് വഴിയും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടണമെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയ ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് ജപ്പാന്‍ ക്യാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ പ്രതികരിച്ചു.
സമാന രീതിയില്‍ കഴിഞ്ഞ മാസം 29നും ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയിരുന്നു.
29ന് പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാനു മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചിരുന്നു. 2700 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് മിസൈല്‍ സമുദ്രത്തില്‍ പതിച്ചത്.
അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ പ്രവൃത്തി അമേരിക്കയെ വെല്ലുവിളിക്കുന്നതാണ്. സമാധാന ചര്‍ച്ചകള്‍ക്ക് കാത്തു നില്‍ക്കാതെ കഴിഞ്ഞ മാസം ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

SHARE