കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തരകൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

സോള്‍: കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.

ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനായി 2018ലാണ് കേയ്‌സോങില്‍ സംയുക്ത ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. 20 ഉദ്യോഗസ്ഥരെ വീതമാണ് സംയുക്ത ഓഫീസില്‍ വിന്യസിക്കുന്നത്. എന്നാല്‍ 2018ല്‍ സ്ഥാപിച്ച സംയുക്ത ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും 2019ല്‍ തന്നെ ഉത്തര കൊറിയ ഭാഗികമായി പിന്മാറിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല. പ്രദേശികസമയം 2.49ഓടെ സ്‌ഫോടനം നടന്നതായി ദക്ഷിണ കൊറിയന്‍ ഔദ്യോഗിക വക്താക്കാള്‍ പ്രതികരിച്ചു.

ആഴ്ചകളായി ഇരു രാജ്യങ്ങളും തമ്മില്‍ ശീതയുദ്ധ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനും സഹോദരി കിം യോ ജോങിനുമെതിരെ ദക്ഷിണ കൊറിയ അനാവശ്യമായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇരുവര്‍ക്കുമെതിരെ അതിര്‍ത്തിയിലേക്ക് ലഘുലേഖകള്‍ പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിച്ചത്. ഇക്കാരണത്താല്‍ ഉത്തര കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കിമ്മിന്റെ സഹോദരി കിം ജോങ് യോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സംയുക്ത ഓഫീസ് ഉത്തരകൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.