സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി; ടിക്കറ്റില്‍ ആശങ്ക, ഉത്തരേന്ത്യയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തങ്ങളെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന് പരാതിയുമായി ഡല്‍ഹിയടക്കം ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍. കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് റയില്‍വേ പുനരാരംഭിച്ച ട്രെയിനില്‍ പോകാന്‍ വിദ്യാര്‍ഥികള്‍ ടിക്കറ്റ് എടുത്തില്ല. എന്നാല്‍ മറ്റു ട്രെയിനുകളില്‍ പോകുന്നതായിരിക്കും ഉചിതമെന്നാണ് ഇപ്പോള്‍ കേരള ഹൌസ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ലോക്ക്ഡൗണില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ഷ്രാമിക് ട്രെയിനുകള്‍ ഓടിയെങ്കിലും ഇതുവരെ മലയാളികളുമായി ഒരു ട്രെയിന്‍ പോലും കേരളത്തിലേക്ക് ഓടാത്തതും സര്‍ക്കാറിന്റെ കൊള്ളരുതായിമായി പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ സര്‍ക്കാര്‍ പ്രത്യേക ട്രെനിനുള്ള ശ്രമം ആരംഭിച്ചിരുന്നതായ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേക ടെയിന്‍ യാത്രക്കായി 1500 ഓളം വിദ്യാര്‍ഥികള്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ 15 ആം തീയതി കേരളത്തിലേക്ക് ട്രെയിന്‍ ഉള്ളതായി പറയുന്നുണ്ട്. അതിനിടയിലാണ് റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത്. പ്രത്യേക ട്രെയിനിനു പകരം ഈ ട്രെയിനുകളില്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് പോകണം എന്നതാണ് കേരള ഹൗസ് അധികൃതരുടെ ഇപോഴത്തെ നിലപാടെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

മടക്കയാത്ര മുടങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ പിണറായി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ നിസ്സംഗതകാണിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനം ദൗര്‍ഭാഗ്യകരമാണെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അമല്‍ കെ സൈമണ്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ സ്വദേശത്തേക്ക് എത്തിക്കാന്‍ 468 ശ്രാമിക് ട്രെയിനുകള്‍ ഓടി എന്നാണ് നിലവില്‍ റെയില്‍വേ അറിയിച്ചത്. എന്നാല്‍ ഇത്തരം ട്രെയിന്‍ ഒരൊറ്റൊന്ന് പോലും കേരളത്തിലേക്ക് ഉണ്ടായിട്ടില്ലെന്നും അമല്‍ കുറ്റപ്പെടുത്തി. ഡല്‍ഹി സര്‍ക്കാര്‍ പത്താം തിയ്യതി പുറത്തിറക്കിയ വിജ്ഞാപനത്തിലും കേരളത്തിലേക്ക് 15ാം തിയ്യതി ഒരു ട്രെയിനുള്ളതായി പറയുന്നുണ്ട്, പക്ഷെകേരള സര്‍ക്കാര്‍ പ്രതികരിക്കാത്തത് കൊണ്ടാണ് ഇതിനായുള്ള നടപടിക്രമങ്ങളൊന്നും ആരംഭിക്കാത്തത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉര്‍ജിത ശ്രമങ്ങള്‍ നടത്താത്ത് പ്രതിഷേധാര്‍ഹം തന്നെയാണെന്നും അമല്‍ കെ സൈമണ്‍ കുറ്റപ്പെടുത്തി.

അതേസമയം, പ്രത്യേക ട്രെയിന്‍ ഉറപ്പ് നല്‍കിയത് കൊണ്ട് വിദ്യാത്ഥികള്‍ പുനരാരംഭിച്ച ട്രെയിനുകളില്‍ ടിക്കറ്റ് എടുത്തില്ലെന്നാണ് വിവരം. അതിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ തിരുവനന്തപുരത്തക്ക് തുടങ്ങിയ ട്രെയിനിന്റെ അടുത്ത ആഴ്ചത്തേക്കുള്ള ടിക്കറ്റും വിറ്റു തീര്‍ന്നു. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും പെരുവഴിയിലാകും. പ്രത്യേക ട്രെയിന്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇവര്‍ പറയുന്നു.

SHARE