ഹൈദരാബാദ്: ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് ദുരിതമനുഭവിച്ചവരുടെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദീന്‍ (51) എന്നയാള്‍ക്ക് ലോക്ക്്ഡൗണ്‍ നല്‍കിയത് അതിരില്ലാത്ത സന്തോഷം.
കഴിഞ്ഞ 33 വര്‍ഷമായി തുടര്‍ച്ചയായി പത്താംക്ലാസ് പരീക്ഷ എഴുതുകയും പരാജയപ്പെടുകയും ചെയ്തുകൊണ്ടിരുന്ന അദ്ദേഹം ഇത്തവണ വിജയിച്ചു. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കണക്കിലെടുത്ത് ഇത്തവണ പത്താംക്ലാസ് പരീക്ഷ നടത്തേണ്ടതില്ലെന്നും പരീക്ഷാര്‍ഥികളെയെല്ലാം വിജയിപ്പിക്കാമെന്നും തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചതാണ് നൂറുദീനെ തുണച്ചത്. പത്താം ക്ലാസ് പരീക്ഷ ജയിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അല്‍പ്പംകൂടി നേരത്തെ ഇത് സാധിച്ചിരുന്നുവെങ്കില്‍ തന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്ന് അദ്ദേഹം പറയുന്നു.
1987 ലാണ് അദ്ദേഹം ആദ്യമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചു. ഉറുദു മീഡിയത്തില്‍ പഠിച്ച തനിക്ക് ഇംഗ്ലീഷ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്ന് അദ്ദേഹം പറയുന്നു. ജയിക്കാന്‍ ആവശ്യമായ 35 മാര്‍ക്ക് ഇംഗ്ലീഷിന് മാത്രം നേടാന്‍ കഴിയാറില്ല. പലപ്പോഴും ഇംഗ്ലീഷിന് 32 ഉം 33 ഉം മാര്‍ക്കുവരെ നേടിയിട്ടുണ്ട്. അതിനാല്‍ തോറ്റു പിന്മാറാനും നൂറുദീന്‍ തയ്യാറായില്ല.
റെയില്‍വെ, പോലീസ് തുടങ്ങിയവയില്‍ ജോലി കിട്ടണമെങ്കില്‍ പത്താംക്ലാസ് വിജയിച്ചിരിക്കണം എന്നതിനാലാണ് പിന്മാറാന്‍ തയ്യാറാകാതെ തുടര്‍ച്ചയായി പരീക്ഷ എഴുതിയത്. കഠിന പരിശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. താന്‍ പഠിച്ച സ്‌കൂളില്‍തന്നെ സുരക്ഷാ ഗാര്‍ഡായി ജോലിചെയ്യുകയാണ് 1990 മുതല്‍ നൂറുദീന്‍. 8000 രൂപയാണ് നിലവില്‍ ശമ്പളം ലഭിക്കുന്നത്.
ഇത്തവണ ബി കോം വിദ്യാര്‍ഥിനിയായ മകളുടെ സഹായത്തോടെ നന്നായി ഇംഗ്ലീഷ് പഠിക്കുകയും പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കാരണം പരീക്ഷ നടന്നില്ല. എല്ലാവരെയും ജയിപ്പിക്കാന്‍ സര്‍ക്കാര്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. പഠനം ഇനിയും തുടരാനാണ് നൂറുദീന്റെ തീരുമാനം.