കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജയ്പൂരിലേക്ക് പുറപ്പെട്ടു; ഭരണം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ്

ഭോപാല്‍: ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത മുറുകിയതോടെ മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധിയുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജി പ്രഖ്യാപിച്ചങ്കിലും കമല്‍നാഥ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിവിട്ട സിന്ധ്യക്കൊപ്പം 22 എം.എല്‍.എമാര്‍ ഉണ്ടെന്നാണ് വിമത ഭാഗത്തുനിന്നുള്ള അവകാശ വാദം. എന്നാല്‍ കര്‍ണാടകയിലേക്ക് പോയ എംഎല്‍എമാര്‍ ഉടന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നും സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ നകുല്‍ നാഥ് അവകാശപ്പെട്ടു.

ഇതിനിടെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജന്‍ സിംഗ് വര്‍മ്മ 19 പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. സിന്ധ്യയുമായി പോകാന്‍ ആരും തയ്യാറല്ലെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബെംഗളൂരുവിലേക്ക് കൊണ്ടുപോയതാണെന്നും എംഎല്‍എമാര്‍ പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഭൂരിഭാഗം പേരും ബിജെപിയില്‍ ചേരാന്‍ തയ്യാറല്ലെന്നും സഞ്ജന്‍ സിംഗ് വര്‍മ്മ പറഞ്ഞു

അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജസ്ഥാനിലേക്ക് നീങ്ങാനായി ഭോപാല്‍ വിമാനത്താവളത്തിലേക്ക് ബസില്‍ പുറപ്പെട്ടു. ജയ്പൂരില്‍ ഉടന്‍ ഇറങ്ങുന്ന എംഎല്‍എമാരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്വാഗതം ചെയ്യുമെന്നാണ് വിവരം.
ഇതിനിടെ, മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ സിംഗ് ഭോപ്പാലിലെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയിലെത്തി.

അതേസമയം, വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ നിയോഗിക്കുന്ന റിസോര്‍ട്ടിന് പുറത്ത് ബെംഗളൂരു പോലീസ് കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കുന്നത്.
ചൊവ്വാഴ്ച മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് രാജിവച്ച 17 ഓളം കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരു റിസോര്‍ട്ടില്‍ അണിനിരത്തിയിരുന്നു.

മാസങ്ങളായി തുടര്‍ന്നുവന്ന രാഷ്ട്രീയ അന്തര്‍ നാടകങ്ങള്‍ക്കൊടുവിലാണ് ഇന്നലെ സിന്ധ്യയുടെ രാജി പ്രഖ്യാപനം ഉണ്ടായത്. ഒരു വിഭാഗം എം.എല്‍.മാര്‍ നേരത്തെതന്നെ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ രംഗത്തെത്തുകയും ബി.ജെ.പിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് 19 എം.എല്‍.എമാര്‍ കൂട്ടത്തോടെ അപ്രത്യക്ഷരായത് കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി നടത്തിയ കരുനീക്കമാണെന്ന ആരോപണം ഉയര്‍ത്തി. ഏറെ പണിപ്പെട്ട് മുഴുവന്‍ എം.എല്‍.എമാരെ കമല്‍നാഥ് അനുനയിപ്പിച്ചെങ്കിലും ഇന്നലെ ഇവര്‍ വീണ്ടും മുങ്ങുകയായിരുന്നു.

ബംഗളൂരുവില്‍ തമ്പടിച്ച വിമത എം.എല്‍.എമാര്‍ പൊലീസ് സംരക്ഷണം തേടിയതിനു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യ മോദിയേയും അമിത് ഷായേയും കണ്ട് പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചതായും സിന്ധ്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെതുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് നേതൃത്വം അവകാശപ്പെട്ടു.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മാധവ റാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യ, പിതാവിന്റെ മരണത്തോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മണ്ഡലമായ ഗുണയില്‍ പരാജയപ്പെട്ടതും യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ചുമതലയുണ്ടായിരുന്ന വടക്കന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി നേരിട്ട വന്‍ തിരിച്ചടിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സിന്ധ്യയുടെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ പ്രഭാവം വീണ്ടെടുത്തെങ്കിലും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയുമായി അകലാന്‍ ഇടയാക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഒന്നിലധികം സാഹചര്യങ്ങളില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സിന്ധ്യ രംഗത്തെത്തി. 370ാം വകുപ്പ് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞു. ഇടക്ക് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമായി സന്ധ്യ കൂടിക്കാഴ്ച നടത്തിയതോടെ തന്നെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. തങ്ങള്‍ക്കൊപ്പം 22 എം.എല്‍.എമാര്‍ ഉണ്ടെന്നാണ് സിന്ധ്യ അനുനായികളുടെ അവകാശ വാദം. തങ്ങള്‍ പാര്‍ട്ടി വിടുന്നതോടെ കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തുമെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം സര്‍ക്കാറിന് മതിയായ അംഗബലമുണ്ടെന്നും ഭീഷണിയില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു. 230 അംഗ സഭയില്‍ കമല്‍നാഥ് സര്‍ക്കാറിന് 120 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ 114 പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും ശേഷിച്ചവര്‍ സ്വതന്ത്രരും എസ്.പി, ബി.എസ്.പി അംഗങ്ങളുമാണ്. 116 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവെച്ചാല്‍ സഭയുടെ അംഗബലം താഴുമെന്നും ഇതോടെ അധികാരം പിടിക്കാമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടല്‍. ഇതോടെ കര്‍ണാടക മോഡല്‍ മധ്യപ്രദേശിലും ആവര്‍ത്തിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.