ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അറിയിച്ച് അമേരിക്ക. യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയെ സൗദി അറേബ്യ അറിയിച്ചിരുന്നു. സൗദി ഉപ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്ക ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മൈക്ക് പോംപിയോ സൗദിയെ അറിയിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പര്‍, ദേശീയ സുരക്ഷാ ഉപദേശകന്‍ റോബര്‍ട്ട് ഒബ്രിയാന്‍ എന്നിവരുമായും ഖാലിദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തി.

വിദേശത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി നിര്‍ണായക നടപടിയെടുക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല തീരുമാനത്തെക്കുറിച്ച് പോംപിയോ ചര്‍ച്ച ചെയ്തതായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണിയെ നേരിടാന്‍ സൗദി അറേബ്യയുടെ പിന്തുണയ്ക്കും അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും പോംപിയോ മന്ത്രിയോട് നന്ദി പറഞ്ഞു. ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ അടിവരയിട്ട് പറഞ്ഞതായി പ്രസ്താവനയില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

SHARE