വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യു.എ.ഇ

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളിലെ യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് യുഎഇ സര്‍ക്കാര്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും യുഎഇ സര്‍ക്കാര്‍ എയര്‍ഇന്ത്യയെ അറിയിച്ചു. യുഎഇ പൗരന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഇത് ബാധകമാണെന്നും യുഎഇ വ്യക്തമാക്കി.

ജൂണ്‍ 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയത്. എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി ആളെ കൊണ്ടുവരരുതെന്നാണ് യുഎഇ വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാന്‍ ആകുകയുള്ളൂവെന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യുഎഇ സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അറിയിച്ചു.
നിലവില്‍ യുഎഇയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി നിലവില്‍ ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നത്.

നിലവില്‍ വിദേശത്തു കഴിയുന്ന യുഎഇലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പോലും യുഎഇയിലേക്ക് മടങ്ങിവരുന്നതിന് താല്‍ക്കാലികമായി വിസക്ക് അപേക്ഷിക്കാന്‍ കഴിയില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അടുത്തിടെ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ കാരണമാണിത്. യുഎഇയിലേക്കുള്ള പുതിയ എന്‍ട്രി വിസ വിതരണം മാര്‍ച്ച് 19 മുതല്‍ നിര്‍ത്തിവച്ചതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചിരുന്നു.

”നിലവില്‍ യുഎഇ പൗരന്മാര്‍ക്കും റെസിഡന്‍സി വിസ കൈവശമുള്ളവര്‍ക്കും മാത്രമേ യുഎഇയിലേക്ക് മടങ്ങാന്‍ അനുമതിയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ യുഎഇയില്‍ ഉള്ള ആളുകള്‍ക്ക് രാജ്യത്തിനകത്ത് ആയിരിക്കുമ്പോള്‍ പുതിയ വിസ നേടാനോ അല്ലെങ്കില്‍ റെസിഡന്‍സി പുതുക്കാനോ കഴിയും. വിദേശത്തുള്ളവര്‍ക്കുള്ള പുതിയ വിസ അപേക്ഷകളുടെ സ്ഥിതി എപ്പോള്‍ പൂര്‍ണമായും സാധാരണ നിലയിലാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, ഇന്ത്യയില്‍ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന് സമാനമായിട്ടാണ് എമിറേറ്റ്സിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.