ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരിച്ച് ചൈന. ഏകപക്ഷീയമായ സൈനിക നീക്കമല്ല നടത്തിയെന്നും പ്രശ്നങ്ങള്‍ വഷളാക്കരുത് എന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ആക്രമണത്തില്‍ ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടിരുന്നത്.
ഇരു ഭാഗത്തും നഷ്ടങ്ങളുണ്ടായതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. അതിനിടെ, സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഇരുസൈനിക നേതൃത്വവും തമ്മില്‍ ചര്‍ച്ച തുടരുകയാണ്.
തിങ്കളാഴ്ച രണ്ടു തവണ ഇന്ത്യന്‍ സേന തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നു കയറിയതായി ചൈനീസ് വിദേശകാര്യ വക്താവ് ഴാവു ജിലൈന്‍ അവകാശപ്പെട്ടു. ‘ഇന്ത്യയോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി കടക്കരുത്. പ്രകോപിപ്പിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കരുത്. അതിര്‍ത്തിയിലെ സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കരുത്’ – അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രില്‍ മുതല്‍ അതിര്‍ത്തിയില്‍ ഇരുസേനയും മുഖാമുഖം നില്ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതാണ് ഇപ്പോള്‍ വെടിവയ്പ്പില്‍ കലാശിച്ചിട്ടുള്ളത്. വിഷയത്തില്‍ സീനിയര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ച നടന്നെങ്കിലും പരിഹാരങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.