ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക; നാളെ മുതല്‍ പ്രാബല്യത്തില്‍

ബംഗളൂരു: കേരളത്തിലേതിന് സമാനമായി കര്‍ണാടകയിലും തുടര്‍ന്നിരുന്ന ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതനുസരിച്ച് നാളെ കര്‍ണാടകയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. മറ്റുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള സേവനങ്ങള്‍ ഞായറാഴ്ചകളിലും തുടരാനാണ് തീരുമാനം. വിവിധ മേഖലകളില്‍നിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നാലാം ഘട്ട ലോക്കഡൗണ്‍ നാളെ അവസാനിക്കാനിക്കെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് നിലവില്‍ കര്‍ണാടകയിലെ ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുള്ളത്. മെയ് 31-ഓടെ നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. ആരാധനാലയങ്ങളും ജൂണ്‍ ഒന്നു മുതല്‍ തുറക്കാനാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.