ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് പാടില്ല; ടിപ്പ് ഉപഭോക്താവിന് തീരുമാനിക്കാം -കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍വീസ് ചാര്‍ജ് എത്രയാണെന്ന് ഹോട്ടലുകളും റസ്‌റ്റോറന്റുകളും തീരുമാനിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹോട്ടല്‍, റസ്‌റ്റോറന്റിലെ ബില്ലുകളില്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ തുക ഈടാക്കുന്നത് നിര്‍ത്തലാക്കുന്നതാണ് സര്‍ക്കാറിന്റെ തീരുമാനം. ടിപ്പ് കൊടുക്കണമോ വേണ്ടയോ എന്ന ഉപഭോക്താവിന് തീരുമാനിക്കാം. ടിപ്പ് എത്രയാണ് കൊടുക്കേണ്ടതെന്നും ഉപഭോക്താവാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

ഹോട്ടലുകളിലെ സര്‍വീസ് ചാര്‍ജ് സമ്പ്രദായത്തിനെതിരെ രണ്ടാമത്തെ ഉത്തരവാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ മാര്‍ഗരേഖ പ്രകാരം ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബില്‍ തയാറാക്കുമ്പോള്‍ സര്‍വീസ് ചാര്‍ജിന്റെ കോളം ഒഴിച്ചിടണം. അവിടെ എത്ര തുക ചേര്‍ക്കണമെന്ന് ഭക്ഷണത്തിന് ശേഷം ഉപഭോക്താവിന് തീരുമാനിക്കാം. ബില്ലില്‍ ഹോട്ടലുകള്‍ തന്നെ സര്‍വീസ് ചാര്‍ജ് രേഖപ്പെടുത്തിയാല്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വീസ് ചാര്‍ജ് എന്ന ഒരു സംഗതിയില്ല. അത് ഇതുവരെ തെറ്റായ രീതിയില്‍ ഈടാക്കി വരികയായിരുന്നു. എന്നാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിലവില്‍ നിയമപരമായ തടസ്സങ്ങളുണ്ട്. പുതിയ ഉപഭോക്തൃ ബില്‍ പ്രകാരം ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ അധികാരമുള്ള ഓഫീസ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടിപ്പ് എന്ന പേരില്‍ അഞ്ചു മുതല്‍ 20 ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ട് നിയമമിറക്കിയത്. മുമ്പ് നല്‍കിയ നിര്‍ദേശം പാലിക്കപ്പെടാതിരുന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ സംസ്ഥാനങ്ങള്‍ക്ക അയച്ചിരിക്കുന്നത്.

SHARE