റിവിഷന്‍ ഹര്‍ജി തള്ളി; ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും താമസ സൗകര്യവും രണ്ടാഴ്ചക്കകം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം കൊടുക്കാനുള്ള വിധി സൂപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ വിധി നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ബില്‍ക്കീസ് ബാനു കോടതിയെ സമീപിച്ചിരുന്നു.

ബില്‍ക്കീസ് ബാനുവിന്റെ കേസില്‍ പ്രത്യേക ഘടകങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധിച്ചതെന്നും യാതൊരു മുന്‍വിധിയുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്നും വിധി നടപ്പാക്കാന്‍ ആവശ്യമായ സമയം ഇതിനകം തന്നെ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

SHARE