കോവിഡ് ജാതിയും മതവും നോക്കിയല്ല ആക്രമിക്കുന്നത്; ഒരുമയോടെ നില്‍ക്കണം- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി എല്ലാം മനുഷ്യരേയും ഒരുപോലെയാണ് ബാധിക്കുകയെന്നും അതുകൊണ്ട് ഒരുമയോടെ നിന്ന് പ്രതിരോധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ആക്രമിക്കുന്നതിന് മുമ്പ് നമ്മുടെ വംശം, മതം, ജാതി, ഭാഷ, അതിര്‍ത്തി എന്നിവ നോക്കാറില്ല. അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയായിരിക്കണം പ്രതികരിക്കേണ്ടത്. നമ്മള്‍ ഇതില്‍ ഒന്നാണെന്നും പ്രമുഖ തൊഴില്‍സൈറ്റായ ലിങ്ക്ഡിനില്‍ പ്രധാനമന്ത്രി കുറിച്ചു.

‘മുന്‍ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമായി, ലോകമാകെ ഒരുമിച്ച് ഒരു പൊതുവെല്ലുവിളിയെ നേരിടുകയാണ്. ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി. ഇന്ത്യയില്‍ നിന്നുള്ള വലിയ ആശയങ്ങള്‍ക്ക് ആഗോള പ്രസക്തിയും പ്രയോഗിതയും കണ്ടെത്തണം. ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും ഗുണപരമായ മാറ്റം വരുത്താനുള്ള കഴിവ് അവയ്ക്ക് ഉണ്ടായിരിക്കണം. കോവിഡിനു ശേഷമുള്ള കാലത്ത് ആധുനിക ബഹുരാഷ്ട്ര വിതരണ ശൃംഖലകളുടെ ആഗോള നാഡീകേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഇന്ത്യയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ഈ അവസരം പാഴാക്കരുത്.’ – പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കോവിഡിന് സാമുദായിക നിറം നല്‍കി മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം സംഘപരിവാര്‍ തുടരുകയാണ്. നേരത്തെ ഗുജറാത്തിലെ ആസ്പത്രിയില്‍ മുസ്‌ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്ത വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നും അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

മീററ്റിലെ സ്വകാര്യ ആസ്പത്രിയാണ് മുസ്‌ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം കൈവശമില്ലാത്ത മുസ്ലിം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കില്ലെന്നാണ് ആസ്പത്രി അധികൃതരുടെ നിലപാട്. കാന്‍സര്‍ ചികിത്സിക്കുന്ന സ്‌പെഷ്യല്‍ ആശുപത്രിയിലാണ് സംഭവം. തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രാജ്യത്ത് കോവിഡ് പരത്തിയതെന്ന പരസ്യവും ആസ്പത്രി പ്രാദേശിക പത്രത്തിന് നല്‍കിയിരുന്നു. ആസ്പത്രിയില്‍ വരുന്ന മുസ് ലിം രോഗികള്‍ കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാല്‍ മാത്രമേ ആസ്പത്രിയില്‍ പ്രവേശിപ്പിക്കൂ എന്നും പരസ്യത്തില്‍ പറയുന്നു.

SHARE