ഛേത്രി ദീര്‍ഘകാലം കളിക്കട്ടെയെന്ന് ബൂട്ടിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജഴ്‌സിയില്‍ 107 മല്‍സരം കളിച്ചിരുന്നു ബൈജൂംഗ് ബൂട്ടിയ. ദീര്‍ഘകാലമായി ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ഫുട്‌ബോള്‍ റെക്കോര്‍ഡ് ഇതായിരുന്നു. പക്ഷേ ഇന്നലെ ആ റെക്കോര്‍ഡ് ബൂട്ടിയയില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ സുനില്‍ ഛേത്രി സ്വന്തമാക്കി. കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ കുറസാവോക്കെതിരായ മല്‍സരത്തിലുടെ സുനില്‍ ഛേത്രി രാജ്യത്തിന്റെ കുപ്പായത്തില്‍ 108 മല്‍സരങ്ങള്‍ കളിച്ചു. തന്റെ നാമധേയത്തിലുള്ള റെക്കോര്‍ഡ് സുനിലിന് കൈമാറുന്നതില്‍ അഭിമാനവും സന്തോഷവുമാണുള്ളതെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ അദ്ദേഹം കൂടുതല്‍ കളം കളിക്കട്ടെയെന്നും മുന്‍ നായകന്‍ ആശംസിച്ചു.