റേഷന്‍ കാര്‍ഡുകള്‍ ഇല്ല, ഭക്ഷണ വിതരണവും; ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിശപ്പ് പിടിമുറുക്കുന്നു

ന്യൂഡല്‍ഹി: കോവിഡിന് എതിരെയുള്ള പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഗ്രാമീണ ഇന്ത്യയുടെ നടുവൊടിക്കുന്നു. ആസൂത്രിതമായ പൊതുവിതരണ സമ്പ്രദായമോ, ബദല്‍ ഭക്ഷ്യവിതരണമോ ഇല്ലാത്തതാണ് ഗ്രാമങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.

നിലവില്‍ 80 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ പദ്ധതി. ഇന്ത്യന്‍ ജനസംഖ്യയുടെ 62 ശതമാനം മാത്രമാണ് ഇത്. ഇതില്‍ നിന്ന് ഏറെ ദരിദ്രര്‍ പുറത്താണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അഞ്ചു വര്‍ഷമായി ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ ഗുണഭോക്താക്കളെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല എന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതുമൂലം പുതിയ കുഞ്ഞുങ്ങള്‍, വിവാഹിതരായ സ്ത്രീകള്‍ തുടങ്ങി നിരവധി പേര്‍ സമ്പ്രാദയത്തില്‍ നിന്ന് പുറത്താണ്.

‘ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത് 2013-2016 കാലയളവിലാണ്. അതിന് ശേഷം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. നിലവില്‍ ഒരു അടിന്തര സാഹചര്യത്തിലാണ് രാജ്യമുള്ളത്. ആരും വിശക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അടുത്ത ചില മാസത്തേക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി എല്ലാവരിലേക്കും വ്യാപിപ്പിക്കണം’- ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ സിന്‍ഹ പറയുന്നു.

ഉദാഹരണത്തിന് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ബന്‍ഗ്രുവിയില്‍ 25 കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടത്. ‘ 2016 മുതല്‍ ഇഷ്ടിക്കളങ്ങളിലും കല്‍ക്വാറികളിലും (നിലവില്‍ അടച്ചിട്ടിരിക്കുകയാണ്) ജോലി ചെയ്യുന്നവരാണ് ഞങ്ങളില്‍ മിക്കവരും. റേഷന്‍ കാര്‍ഡ് കിട്ടാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചില കുടുംബങ്ങള്‍ക്ക് മാത്രമാണ് കാര്‍ഡ് കിട്ടിയത്’ – ഗ്രാമത്തിലെ നാല്‍പ്പത്തിയഞ്ചുകാരിയായ ഫുനോ ദേവി പറയുന്നു. തിങ്കളാഴ്ച സന്നദ്ധ സംഘടനയാണ് ഇവിടെ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്.

ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നായ ജാര്‍ഖണ്ഡില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്താണെന്ന് സംസ്ഥാനത്തെ എന്‍.ജി.ഒ ആയ ജാര്‍ഖണ്ഡ് ജനാധികാര്‍ മഹാസഭാ പ്രവര്‍ത്തകന്‍ സിറാജ് ദത്ത ചൂണ്ടിക്കാട്ടുന്നു.
കേരളം അടക്കം ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിതരണ സമ്പ്രദായം നിലവിലുള്ളത്. ഗ്രാമീണ മേഖലയില്‍ പലയിടത്തും ഈ സംവിധാനം പേരിനു മാത്രമാണ്.