ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത് വിചിത്രവാദങ്ങള്‍. കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിചിത്ര വാദങ്ങള്‍ ഉന്നയിച്ചത്.
‘ഇത് കോടിക്കണക്കിന് വിശ്വാസികളുടെ വിഷയമാണ്. ജഗന്നാഥ ഭഗവാന്‍ നാളെ വന്നില്ലെങ്കില്‍ പാരമ്പര്യ പ്രകാരം അടുത്ത 12 വര്‍ഷത്തേക്ക് ഭഗവാന്‍ വരില്ല’ – ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിനു മുമ്പാകെ തുഷാര്‍ മേത്ത വാദിച്ചു. രഥരാത്രാ ദിവസം ഒഡിഷ സര്‍ക്കാറിന് ഒരു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും മേത്ത നിലപാടെടത്തു.
കേന്ദ്രസര്‍ക്കാറിന് ഒപ്പം ഒഡിഷ സര്‍ക്കാരും രഥയാത്ര വിശ്വാസത്തിന്റെ ഭാഗമാണെന്നും വിലക്കാനാകില്ലെന്നും നിലപാടെടുത്തു. കൊവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളും പാലിച്ച് രഥയാത്ര അനുവദിക്കണമെന്ന് ഇരുസര്‍ക്കാരുകളും കോടതിയോട് ആവശ്യപ്പെട്ടു.
ഇതോടെ ജൂണ്‍ 18ന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രിംകോടതി മാറ്റം വരുത്തുകയായിരുന്നു. രഥയാത്രക്ക് അനുമതി നല്‍കിയാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞാണ് കോടതി യാത്ര സ്റ്റേ ചെയ്തിരുന്നത്.
ഒഡിഷ സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായി.