ഗവര്‍ണര്‍ക്കല്ലല്ലോ അധികാരം, ഉത്തരം പറയേണ്ടത് കേരളാ സര്‍ക്കാറെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായ ഉദ്ഘാടന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വാദം നിഷേധിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ലെന്ന് ചരിത്രകാരന്‍ പറഞ്ഞു. അവിടെ തങ്ങള്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയില്‍ കേരളാ സര്‍ക്കാരാണു മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് എന്നത് സ്വതന്ത്ര സംഘടനയാണ്. കണ്ണൂര്‍ സര്‍വകലാശാലയാണ് ഗവര്‍ണറെ ഈ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. അതുകൊണ്ടുതന്നെ പ്രോട്ടോക്കോള്‍ ലംഘനം അടക്കമുള്ള കാര്യങ്ങള്‍ ചരിത്ര കോണ്‍ഗ്രസിന് ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ രാഷ്ട്രീയം പറയാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത് ചരിത്ര കോണ്‍ഗ്രസാണ്. അത് ചരിത്രകാരന്മാരുടേതാണ്. അവരോടു യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ വരാന്‍ പാടില്ലായിരുന്നു. ചരിത്രകാരന്മാരെ കേള്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.

എന്തിനാണ് പൊലീസ് തന്നെ തടയുകയും തള്ളിമാറ്റുകയും ചെയ്തതെന്നു ചോദിച്ച അദ്ദേഹം, ‘നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനത്ത് ഗവര്‍ണര്‍ക്കല്ലല്ലോ പൊലീസിന്റെ നിയന്ത്രണം. പക്ഷേ ചരിത്ര കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങളില്‍ ഇടപെട്ടതിന് പൊലീസിനെ കുറ്റക്കാരാക്കുകയാണ് കേരളാ സര്‍ക്കാര്‍ ചെയ്തത്. ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ പൊലീസ് ഉണ്ടാവുക എന്നത് സാധാരണമാണെന്നാണ് കേരളാ സര്‍ക്കാര്‍ വിചാരിക്കുന്നത്. സര്‍ക്കാരിന് എന്തോ തെറ്റു പറ്റിയിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു നടപടിയുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. തന്നെയടക്കം തടയുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരാണ്് ഇതിന് ഉത്തരം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE