കൊറോണ: ലോക്ക്ഡൗണ്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

തന്റെ ആരോഗ്യരഹസ്യം പങ്കുവെച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. അത്തരം നീക്കമൊന്നുമില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാര്‍ച്ച് 24 നാണ് രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രധാനനമന്ത്രി പ്രഖ്യാപിച്ചത്. എപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ഡൗണ്‍ ആണ് യാണ് നിലവില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടേണ്ടിവരുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു..

എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നുവെന്നുവെന്നും ലോക്ഡൗണ്‍ നീട്ടാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ സാഹചര്യങ്ങള്‍വെച്ച് കൊറോണ വൈറസിനെ പൂര്‍ണമായി പ്രതിരോധിക്കുന്നതിന് 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകന്റെ പഠനം പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ജനതയുടെ പ്രായം, സാമൂഹ്യമായ ഇടപെടല്‍ രീതികള്‍, ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, താന്‍ ആരോഗ്യവാനാകുന്നത് എങ്ങനെ എന്ന് കാണിക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടു.
യോഗ അവതരിപ്പിക്കുന്ന 3 ഡി ആനിമേറ്റഡ് വീഡിയോകളാണ് മോദി ട്വിറ്ററില്‍ പങ്കിട്ടത്

”ഇന്നലത്തെ മാന്‍കിബാത്ത് സമയത്ത്, എന്റെ ഫിറ്റ്‌നസ് ദിനചര്യയെക്കുറിച്ച് ആരോ എന്നോട് ചോദിച്ചു. അതിനാല്‍ ഈ യോഗ വീഡിയോകള്‍ പങ്കിടാന്‍ ആലോചിച്ചു,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.