ന്യൂഡല്‍ഹി: കോവിഡ് 19 എതിരായ പ്രതിരോധ പോരാട്ടത്തില്‍ നിരവധി ജില്ലകളില്‍ ആശാവഹമായ സ്ഥിതിയാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 47 ജില്ലകള്‍ നല്ല പ്രവണത കാണിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു. പുതുച്ചേരിയിലേയും കര്‍ണാടകയിലേയും ഒരോജില്ലകളില് ഒരുമാസത്തേളമായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി 22 പുതിയ ജില്ലകളിലും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
പുതുച്ചേരിയിലെ മാഹി, കര്‍ണാടകയിലെ കൊടക് എന്നിവിടങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കൂടാതെ മറ്റ് 45 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതുതായി കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
രാജ്യത്തെ കൊറോണ വൈറസ് കേസുകളില്‍ മൂന്നിലൊന്ന് ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്നും ആകെ രോഗബാധിതരില്‍ 4,291 പേര്‍ക്ക്(29.8%)നിസാമുദ്ദീന്‍ മര്‍ക്കസുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടത്ത് നിസാമുദ്ദിനില്നിന്നു വന്നവരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 84% കേസുകളും ഡല്‍ഹിയിലെ 63% കേസുകളും തെലങ്കാനയിലെ 79% കേസുകളും ഉത്തര്‍ പ്രദേശിലെ 59% കേസുകളും ആന്ധ്രാപ്രദേശിലെ 61% കേസുകളും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ 991 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 14,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 മരണം സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 480 ആയി. ഇതിനോടകം 1,992 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവര്‍ ഏകദേശം 13.85 ശതമാനമാണ്. രാജ്യത്ത് നിലവില്‍ 11,906 കേസുകളാണുള്ളത്.