യു.പിയില്‍ ട്രംപിന്റെ സുരക്ഷക്ക് അഞ്ചംഗ വാനരസംഘവും

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സുരക്ഷയൊരുക്കാന്‍ വാനരസംഘവും. ആഗ്രയില്‍ കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ദുരിതത്തെ നേരിടാനാണ് പരിശീലനം നല്‍കിയ അഞ്ച് ലാംഗര്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ വാനരശല്യം ഇല്ലാതാക്കുകയാണ് ഇവയെ നിയോഗിച്ചതിലൂടെ ലക്ഷ്യമിടുന്നത്.

ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലേന ട്രംപും ഫെബ്രുവരി 24 നാണ് താജ് മഹല്‍ സന്ദര്‍ശിക്കുന്നത്. ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വന്‍സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സ്‌റ്റേഡിയത്തിനുപിന്നില്‍ പുതുതായി നിര്‍മിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപിന്റെ വിമാനത്താവളത്തിലേക്കുള്ള മടക്കയാത്ര. പ്രധാനമന്ത്രി വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിക്കും ട്രംപ് എയര്‍ഫോഴ്‌സ്‌വണ്ണില്‍ ആഗ്രയ്ക്കും തിരിക്കും. വൈകീട്ട് 4.45ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകും ട്രംപിനെ ഇവിടെ സ്വീകരിക്കുക. വൈകീട്ട് ഡല്‍ഹിയിലെത്തും.