വിഴിഞ്ഞം കരാറില്‍ അപാകതയില്ല: കുഞ്ഞാലിക്കുട്ടി

 

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.എ.ജി റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.എ.ജി റിപ്പോര്‍ട്ടുകള്‍ വീണ്ടും വരും. പഴയതൊക്കെ പൊടിതട്ടിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും അടിക്കാനൊരുങ്ങിയാല്‍ അതിനുമാത്രമേ സമയമുണ്ടാകൂ. സി.എ.ജിക്ക് കൃത്യമായ വിശദീകരണം നല്‍കുന്നതില്‍ വന്ന വീഴ്ചയായി വേണം കാണേണ്ടത്. സ്ഥാപിത താല്‍പര്യത്തോടെ ഇത്തരം വിഷയങ്ങളെ സര്‍ക്കാര്‍ സമീപിക്കരുതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
ദേശീയതലത്തില്‍ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്ക് ശ്രമിക്കുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് 12നും രണ്ടിനുമിടയിലാണ് ചര്‍ച്ച. ഇരുസ്ഥാനങ്ങളിലേക്കും ആരുടെയും പേരുകള്‍ ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. പ്രാഥമിക ചര്‍ച്ചയാണ് നാളെ നടക്കുന്നത്. യോജിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്ലാവരുമായും ആശയവിനിമയം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കും മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്ലാവരും ഓര്‍ക്കുകയെന്ന് യു.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ മധുവിധുകാലം തന്നെ വഴക്കായ സാഹചര്യത്തില്‍ ഇനി കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതിയെന്ന് പറയേണ്ടതില്ലല്ലോ. പാവങ്ങളെ സഹായിക്കാന്‍ മൈതാനത്തിറങ്ങിയ ലോകത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. ഇന്നിപ്പോള്‍ റേഷന്‍കാര്‍ഡ് പോലും ഇല്ലാത്ത സ്ഥിതിയായി. യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷവും താരതമ്യം ചെയ്യേണ്ടതു തന്നെയാണ്. യു.ഡി.എഫ് ആരംഭിച്ച പദ്ധതികളുടെയെല്ലാം ഉദ്ഘാടനം നടത്തുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രധാന ജോലി. പുതിയതായി എന്തെങ്കിലുമൊന്ന് ചൂണ്ടിക്കാട്ടാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE