ട്രംപിനും മനംമാറ്റം; അവസാന മിനിറ്റില്‍ മിനി കരാറില്‍ നിന്നും പിന്മാറ്റം

ന്യൂഡല്‍ഹി: കൊട്ടിഘോഷിച്ച് നടക്കുന്ന യു.എസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മോദി സര്‍ക്കാറിന് തിരിച്ചടിയായി വ്യാപാര കരാറുകളില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍ എത്താനിരിക്കെയാണ് യു.എസിന്റെ അപ്രതീക്ഷിത പിന്മാറ്റം. തര്‍ക്ക വിഷയങ്ങളില്‍ രമ്യതയില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പുവെച്ചേക്കില്ലെന്ന് കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തു വന്നിരുന്നു. ഇത് മറികടക്കാന്‍ മിനി കരാറെങ്കിലും ഒപ്പുവെക്കാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും തുടരുന്നതിനിടെയാണ് യു.എസിന്റെ സമ്പൂര്‍ണ പിന്മാറ്റം. ഇതോടെ കോടികള്‍ പൊടിച്ച് അമേരിക്കന്‍ പ്രസിഡണ്ടിന് വിരുന്നൊരുക്കുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കൊണ്ടുള്ള നേട്ടം ചോദ്യം ചെയ്ത് നേരത്തെതന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാപാര കരാറുകള്‍ ഉയര്‍ത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യു.എസ് മാറുകയും ചെയ്യുമായിരുന്നു. എന്നാല്‍ പുതിയ നീക്കത്തോടെ ഇതെല്ലാം വെള്ളത്തിലായി. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇന്ത്യയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇതിനു മുമ്പ് ഇനി സമഗ്രമായൊരു വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധ്യമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം യു.എസുമായുള്ള വന്‍ പ്രതിരോധ ഇടപാടുകള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച കരാറുകള്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചേക്കുമെന്ന സൂചനയും ഇന്ത്യന്‍ വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. ഇതാവട്ടെ പൂര്‍ണമായും അമേരിക്കക്ക് ഗുണം ചെയ്യുന്നതാവുമെന്നാണ് സൂചന.

എച്ച് വണ്‍- ബി വിസാ പ്രശ്‌നം മോദി – ട്രംപ് കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് സൂചന. മതസ്വാതന്ത്ര്യം അടിസ്ഥാനമാക്കി പൗരത്വ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന സൂചന യു.എസും നല്‍കിയിട്ടുണ്ട്. ഇന്ന് കാലത്താണ് ട്രംപ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തുക. ഇവിടെ നടക്കുന്ന റോഡ് ഷോയും നമസ്‌തേ ട്രംപ് സംസ്‌കാരിക വിരുന്നും കഴിഞ്ഞ് താജ്ഹലും സന്ദര്‍ശിച്ച ശേഷം വൈകീട്ടോടെ ഡല്‍ഹിയിലെത്തുന്ന ട്രംപ് ഐ.ടി.സി മൗര്യ ഹോട്ടലില്‍ വിശ്രമിക്കും. നയതന്ത്ര കൂടിക്കാഴ്ചകളും കരാര്‍ ഒപ്പുവെക്കലും നിശ്ചയിച്ചിരിക്കുന്നത് 25നാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. 36 മണിക്കൂര്‍ ഇന്ത്യയില്‍ ചെലവിടുന്ന ട്രംപ് 26ന് വൈകീട്ടോടെ മടങ്ങും.