ത്വലാഖ് പോലുള്ള ഇസ്‌ലാമിക് നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല: ശരദ് പവാര്‍

ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്‌ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ത്വലാഖ് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങമാണ്. മുസ്‌ലിം വിശ്വാസികള്‍ക്ക് അതു പിന്തുടരാനുള്ള അവകാശമുണ്ട്. ഔറംഗാബാദില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മുത്ത്വലാഖ് നിരോധിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ ഇസ്‌ലാമില്‍ അനുവദിച്ചിട്ടുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കര്‍ഷകര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്കും കേന്ദ്ര സര്‍ക്കാറിനുമായില്ല. കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ മോദിയും കൂട്ടരും കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിതള്ളുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.